jail

തിരുവനന്തപുരം: നഷ്ടപ്പെട്ട കാർഷിക സംസ്‌കൃതി വീണ്ടെടുക്കാൻ കൃഷിയെയും കലയെയും സമന്വയിപ്പിച്ച് വാമനപുരം പഞ്ചായത്തിൽ തുടക്കം കുറിച്ച കാർഷിക സാംസ്‌കാരിക പദ്ധതി ജയിലിലും നടപ്പാക്കുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ അന്തേവാസികളുടെ ശാരീരിക, മാനസിക ഉന്നമനത്തിനാണ് സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന തിയേറ്റർ തെറാപ്പിക്ക് തുടക്കം കുറിക്കുന്നത്.

11ന് രാവിലെ 10ന് മന്ത്രി എ.കെ ബാലൻ സെൻട്രൽ ജയിൽ അങ്കണത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.

നൂറോളം തടവുകാരെ ജൈവ പച്ചക്കറി,അക്വാകൾച്ചർ രീതികൾ പഠിപ്പിച്ച് ജയിൽ വളപ്പിൽ കൃഷിക്ക് അവസരം ഒരുക്കും.നാടകം, നൃത്തം, ഗാനാലാപനം തുടങ്ങിയവയ്ക്കായി കൃഷിയിടത്തിന് സമീപത്തായി റിഹേഴ്സൽ ക്യാമ്പും സജ്ജമാക്കും. വിവിധ സംസ്ഥാനങ്ങളിലെ കാർഷിക കലാരൂപങ്ങളും അരങ്ങേറും.വിളവെടുപ്പ് ദിവസം ഇവരുടെ കലാവിരുന്നോടെയാണ് തിയേറ്റർ തെറാപ്പി പൂർണമാകുക.മന്ത്രിമാരും സിനിമാതാരങ്ങളും പങ്കാളികളാവും.

കൃഷിയും കലയും
ഉച്ചവരെ കൃഷിയും ഉച്ചയ്‌ക്കുശേഷം കലാ പരിശീലനവുമാണ്. മൂന്ന് മാസത്തിനുള്ളിൽ ജൈവകൃഷി വിളവെടുപ്പും നാടാകാവതരണവും നടക്കും.ആദ്യമായി കുമാരനാശന്റെ ഏതെങ്കിലും കൃതിയാകും നാടകമായി അരങ്ങിലെത്തുക.

നാടാകവതരണം മറ്റ് ജയിലുകളിലും

തടവുകാരുടെ നാടകങ്ങൾ സംസ്ഥാനത്തെ മറ്റ് ജയിലുകളിലും ന‌ടത്തും. മറ്റ് സാംസ്‌കാരിക പരിപാടികളിലും നാടകങ്ങൾ ഉൾപ്പെടുത്താൻ ജയിൽ വകുപ്പിന് താല്പര്യമുണ്ടെങ്കിലും സർക്കാരിന്റെ അനുമതി വേണം.

സംസ്ഥാന ജയിലുകളിൽ ആദ്യമായാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത്.

ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും മാനസിക പിരിമുറക്കം മാറ്റാൻ ഉതകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

-നിർമ്മലാനന്ദൻ

സൂപ്രണ്ട്, സെൻട്രൽ ജയിൽ