
കോവളം വിഴിഞ്ഞത്ത് നിന്ന് മാലിയിലേക്കുള്ള ചരക്കു നീക്കം നിലച്ചിട്ട് രണ്ടുവർഷത്തിലേറെയായിട്ടും നടപടികൾ വൈകുന്നു.
കസ്റ്റംസ് നോട്ടിഫിക്കേഷനുള്ള ലീവേഡ് വാർഫിന്റെ ശോച്യാവസ്ഥയും സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവുമാണ് ചരക്കുനീക്കത്തിനുള്ള പ്രധാന തടസം. പതിറ്റാണ്ടുകളായി ഇവിടെ നിന്ന് മാലിയിലേക്ക് ചരക്ക് കയറ്റുമതി നടത്തിയിരുന്നെങ്കിലും 2018 ഡിസംബറോടെ ഇത് നിലയ്ക്കുകയായിരുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയോടൊപ്പം ചരക്ക് കയറ്റുമതി ചെയ്തിരുന്ന ഏജൻസിക്കെതിരെ ചിലർ നടത്തിയ നീക്കവും തിരിച്ചടിയായതായി ആരോപണമുണ്ട്. ഇതോടെ ഏജൻസി അധികൃതർ മാലിയിലേക്കുള്ള ചരക്ക് കയറ്റുമതി തൂത്തുക്കുടിയിലേക്ക് മാറ്റുകയായിരുന്നു. പ്രതിവർഷം തുറമുഖ വകുപ്പിന് വിഴിഞ്ഞത്ത് നിന്നും ലഭിച്ചിരുന്ന 20 ലക്ഷം രൂപയുടെ വരുമാനമാണ് ഇതുവഴി ഇല്ലാതായത്. കയറ്റിറക്ക് ജോലികൾ ചെയ്തിരുന്ന തൊഴിലാളികളുടെ ഉപജീവന മാർഗവും അടഞ്ഞു. ഏജൻസിയെ വിഴിഞ്ഞത്തേക്ക് മടക്കി കൊണ്ടുവരാൻ തുറമുഖ വകുപ്പ് അധികൃതർ ശ്രമിച്ചെങ്കിലും വാർഫിന്റെ സുരക്ഷാക്രമീകരണങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ നടപ്പാക്കാൻ സാധിക്കാതായതോടെ ഈ നീക്കവും പരാജയപ്പെട്ടു.
കാര്യങ്ങൾ ഇങ്ങനെ
ചുറ്റുമതിൽ, ഗേറ്റ്, ആക്സസ് കൺട്രോൾ, സെക്യൂരിറ്റി, ശുചിത്വം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങൾ, ഓട്ടോമാറ്റിക് സ്‌കാനർ, ഇലക്ട്രോണിക് ടാറ്റാ ഇന്റർ ചെയ്ഞ്ച് (ഇ.ഡി.ഐ) തുടങ്ങിയവയാണ് കസ്റ്റംസ് നോട്ടിഫിക്കേഷൻ ഉള്ള പോർട്ടുകളിൽ ഒരുക്കേണ്ടത്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം ലീവേഡ് വാർഫിൽ ചുറ്റുമതിൽ സ്ഥാപിച്ച് ഗേറ്റിടാനുള്ള അധികൃതരുടെ നീക്കം പ്രദേശത്തെ ഒരുവിഭാഗം ആളുകൾ സംഘടിച്ചെത്തി തടഞ്ഞു. ഇതോടെ അധികൃതരും പദ്ധതി ഉപേക്ഷിച്ച മട്ടിലായി. നേരത്തെ ഇവിടെ ഉണ്ടായിരുന്ന കസ്റ്റംസ് ഓഫീസുകളും അടച്ചുപൂട്ടിയ നിലയിലാണ്.
സാമൂഹ്യവിരുദ്ധരും പിടിമുറുക്കുന്നു
സുരക്ഷാ ജീവനക്കാരില്ലതായതോടെ വിഴിഞ്ഞം സൗത്ത് മേഖലയിലെ ലീവേഡ് വാർഫും പരിസരവും സാമൂഹ്യ വിരുദ്ധരുടെ താവളമായി. പകൽ സമയത്തും പരസ്യമായി മദ്യപിക്കാനെത്തുന്നവരുടെ കേന്ദ്രമാണിവിടം. രാത്രി കാലങ്ങളിൽ പുറത്തുനിന്നെത്തുന്ന സംഘങ്ങളും ഇവിടെ തമ്പടിക്കുന്നു. രാത്രി ഇരുട്ടിലാകുന്ന പ്രദേശത്ത് പട്രോളിംഗിനെത്താൻ പൊലീസും മടിക്കുകയാണ്. അന്തർദേശീയ ക്രൂ ചെയ്ഞ്ചിംഗ് സെന്ററായി മാറിയ വിഴിഞ്ഞം നോർത്ത് ഭാഗത്തെ സീവേഡ് വാർഫിൽ ജീവനക്കാരെ മാറ്റികയറ്റാനെത്തുന്ന കപ്പലുകളുടെ വലിയ തിരക്ക് അനുഭവപ്പെടുമ്പോഴാണ് അധികൃതരുടെ അലംഭാവവും പ്രദേശവാസികളിൽ ഒരുവിഭാഗത്തിന്റെ അനാവശ്യ ഇടപെടലും കാരണം ലീവേഡ് വാർഫ് നാശത്തിന്റെ വക്കിലായിരിക്കുന്നത്
കയറ്റുമതി ചെയ്തിരുന്നത്
പച്ചക്കറി
പലചരക്ക്
പഴവർഗങ്ങൾ
മുട്ട, അടയ്ക്ക
വാഹനങ്ങൾ
വളർത്തുമൃഗങ്ങൾ