1

നെയ്യാറ്റിൻകര: ഭിന്നശേഷിക്കുട്ടികൾക്ക് സൗഹൃദത്തിന്റെ പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്ന ' ജാലകങ്ങൾക്കപ്പുറം ' പരിപാടി ശ്രദ്ധേയമാകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ ബുധനാഴ്ചകളിലും രാവിലെ 11 മുതൽ ഒന്നുവരെ ഗൂഗിൾ മീറ്റിലൂടെയാണ് കൂട്ടായ്‌മ നടക്കുക. രക്ഷിതാക്കളും കുട്ടികളും പരിപാടിയിൽ പങ്കെടുക്കും. നെയ്യാറ്റിൻകര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ കുട്ടികൾ അങ്കമാലി ബ്ലോക്ക് റിസോഴ്സ് സെന്ററിലെ കുട്ടികളുമായും ബാലരാമപുരം, പാറശാല ഉപജില്ലകളിലെ കുട്ടികൾ യഥാക്രമം എറണാകുളം ജില്ലയിലെ കോലഞ്ചേരി, നോർത്ത് പറവൂർ ഉപജില്ലകളിലെ കുട്ടികളുമായി സംസാരിക്കും. ചിത്രരചന, നാടൻപാട്ടുകൾ, നൃത്തം, കവിതകൾ, കഥകൾ, കലകൾ, പ്രാദേശിക കലാരൂപങ്ങൾ എന്നിവയുടെ അവതരണം, ആരോഗ്യ മനഃശാസ്ത്ര വിദ്യാഭ്യാസ വിദഗ്ദ്ധരുമായി ആശയവിനിമയം, വിവിധ തൊഴിലുകൾ പരിചയപ്പെടുത്തലും ഉത്പന്ന നിർമ്മാണ പരിശീലനം തുടങ്ങിയവയാണ് പരിപാടിയിലുള്ളത്. ഭിന്നശേഷി കുട്ടികൾക്ക് പുതിയ അറിവുകൾ നേടാൻ അവസരം സൃഷ്ടിക്കുക, പരസ്‌പര ആശയവിനിമയത്തിന് അവസരമൊരുക്കുക, വ്യത്യസ്‌ത പ്രദേശങ്ങളിലെ ജീവിതശൈലി, ഭാഷ, സംസ്‌കാരം എന്നിവ പങ്കിടുക തുടങ്ങിയ കാര്യങ്ങളാണ് കൂട്ടായ്‌മ‌യിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകരും ക്ലാസുകൾ നയിക്കുന്നവരും ഇതിനകം തന്നെ അതിഥികളായി എത്തിയിട്ടുണ്ട്.