kc-venugopal

ആലപ്പുഴയിൽ പുതിയ സമവാക്യങ്ങൾ

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് സമാഗതമായിരിക്കെ, സംസ്ഥാനത്തെ സ്ഥാനാർത്ഥി നിർണ്ണയമടക്കമുള്ള കാര്യങ്ങളിൽ പിടി മുറുക്കാൻ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ആലപ്പുഴ ജില്ലയിൽ കോൺഗ്രസിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുമെന്നും ഇതോടെ വ്യക്തമായി.

ശനിയാഴ്ച ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.സി ക്ക് നൽകിയ സ്വീകരണവും, ഇന്നലെ ഡി.സി.സി നേതൃയോഗത്തിൽ അദ്ദേഹം നടത്തിയ പ്രസംഗവും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.എ.ഐ.സി.സി നേതൃത്വത്തിൽ അദ്ധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞാൽ ഏറ്റവും വലിയ അധികാരം കേന്ദ്രം കൂടിയാണ് കെ.സി.വേണുഗോപാൽ. രാജ്യത്തൊട്ടാകെ സംഘടനാ ചുമതലയും കെ.സിക്കാണ്. കേരളത്തിൽ കോൺഗ്രസിലെ ഐ ഗ്രൂപ്പിന്റെ നേതാവും, പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ ജില്ലയിലാണ് ഇന്നലെ കെ.സി അസന്നിഗ്ദ്ധമായ ചില പ്രഖ്യാപനങ്ങൾ നടത്തിയത്. സ്ഥാനാർത്ഥി നിർണ്ണയമടക്കമുള്ള കാര്യങ്ങളിൽ 'സ്റ്റാറ്റസ്കോ' പറഞ്ഞ് ആളെ നിശ്ചയിക്കുന്ന പരിപാടി ഇനി നടക്കില്ലെന്ന് പറഞ്ഞ കെ.സി, പറയേണ്ടവ‌ർ ചുമതലപ്പെടുത്തിയിട്ടാണ് താനിത് പറയുന്നതെന്നും ,ഇത് കേൾക്കാത്തവർക്ക് നല്ല നമസ്കാരമെന്നും ഓർമ്മിപ്പിച്ചത് സംഘടനയിൽ തന്റെ സ്വാധീനത്തിന് അടിവരയിടാനാണ്. പ്രതിപക്ഷ നേതാവിന്റെ വിശ്വസ്തരായിരുന്ന ജില്ലയിലെ പല യുവനേതാക്കളും കെ.സിയോട് അടുക്കുന്നതും രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയാണ്.

ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് കെ.സി.വേണുഗോപാലിനെ ക്ഷണിക്കാതിരുന്നതിന്റെ പേരിൽ ഡി.സി.സി നേതൃത്വത്തിൽ ഉദ്ഘാടന സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാക്കളും എം.പിമാരുമായ എ.കെ.ആന്റണി, വയലാർ രവി എന്നിവരെയും ക്ഷണിച്ചിരുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കെ.സിക്ക് അഭിവാദ്യം അർപ്പിച്ചുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും യാദൃശ്ചികമല്ല.

തച്ചടി പ്രഭാകരൻ, കെ.എസ്.വാസുദേവ ശർമ്മ, സി.ആർ.ജയപ്രകാശ് തുടങ്ങിയവരെ ഒഴിച്ചു നിറുത്തിയാൽ ആലപ്പുഴ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ചുമതല വഹിച്ചിരുന്നവർ ലീഡർ കെ.കരുണാകരനുമായോ, ഐ ഗ്രൂപ്പുമായോ ബന്ധമുള്ളവരായിരുന്നു.ഐ ഗ്രൂപ്പിന്റെ അക്കൗണ്ടിലാണ് ഇപ്പോഴും ജില്ലാ നേതൃത്വം ഗണിക്കപ്പെടുന്നതും. അങ്ങനെയൊരു ജില്ലയിൽ സ്റ്റാറ്റസ്കോ അടിസ്ഥാനത്തിൽ പഴയപടി കാര്യങ്ങൾ നടക്കില്ലെന്ന് കെ.സി പറഞ്ഞതിന് വലിയ അർത്ഥതലങ്ങളാണ് പാർട്ടി നേതാക്കളും കൽപ്പിക്കുന്നത്.