തിരുവനന്തപുരം:എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ നിയമനാംഗീകാരത്തിന് സർക്കാർ മാർഗരേഖ പുറത്തിറക്കിയതോടെ, 2016 മുതൽ നിയമിതരായി ശമ്പളം ലഭിക്കാതെ വലയുന്ന 3500ഓളം അദ്ധ്യാപകർക്ക് ശാപമോക്ഷമാവും. തസ്തിക നഷ്ടപ്പെട്ട സംരക്ഷിതാദ്ധ്യാപകരുടെ നിയമനവും ഉറപ്പാവും. അഞ്ഞൂറോളം അനദ്ധ്യാപക തസ്തികകൾക്കും നിയമനാംഗീകാരം ലഭിക്കും.
അദ്ധ്യാപക ബാങ്കിൽ നിന്ന് സംരക്ഷിത അദ്ധ്യാപകരെ നിയമിക്കാൻ തയാറാകുന്ന സ്കൂളുകളിൽ മാനേജ്മെന്റുകൾ നടത്തിയ നിയമനങ്ങൾക്കാണ് അംഗീകാരം. നിലവിൽ ഒഴിവില്ലെങ്കിൽ ഭാവിയിലെ ഒഴിവിൽ സംരക്ഷിത അദ്ധ്യാപകനെ നിയമിക്കാമെന്ന് സത്യപ്രസ്താവന നൽകിയാൽ ആ സ്കൂളുകളിലെ നിയമനങ്ങൾക്കും അംഗീകാരം നൽകും. 2016-17 മുതൽ 2019-20 വരെ നിയമിക്കപ്പെട്ടവർക്കായിരിക്കും ഉത്തരവിലെ വ്യവസ്ഥകൾ ബാധമാവുക.
മാർഗനിർദ്ദേശങ്ങൾ
നിലവിലെ സംരക്ഷിത അദ്ധ്യാപകരെ മാനേജ്മെന്റിന് നിയമിക്കാനാവും വിധം അദ്ധ്യാപക ബാങ്ക് ജില്ലാ തലത്തിൽ പുതുക്കും. ഇതിനായി സമന്വയ സോഫ്റ്റ്വെയറിൽ കൈറ്റ് ഭേദഗതി വരുത്തും.
1979നു ശേഷം രൂപീകരിച്ചതോ, ഉയർത്തപ്പെട്ടതോ ആയ സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരെ ക്ലാസ് ചുമതലയിൽ നിന്ന് ഒഴിവാക്കുന്നതിലൂടെ ലഭിക്കുന്ന തസ്തികയിൽ സംരക്ഷിത അദ്ധ്യാപകരെ തന്നെ നിയമിക്കണം.
സംരക്ഷിത ഹൈസ്കൂൾ അദ്ധ്യാപകരെ (എച്ച്.എസ്.ടി ) പുനർവിന്യസിക്കാൻ ബന്ധപ്പെട്ട ജില്ലയിൽ ഒഴിവില്ലെങ്കിൽ നിബന്ധനകൾക്ക് വിധേയമായി യു.പി വിഭാഗത്തിൽ നിയമിക്കാം.
ജില്ലയിലെ അദ്ധ്യാപക ബാങ്കിൽ സംരക്ഷിത യു.പി, എൽ.പി സ്കൂൾ അദ്ധ്യാപകരില്ലെങ്കിൽ മാത്രമേ, ഹൈസ്കൂൾ അദ്ധ്യാപകരെ നിയമിക്കാവൂ.
ഒന്നിലധികം സ്കൂളുകളുള്ള മാനേജ്മെന്റുകൾക്ക് അവരുടെ സ്കൂളിലെ ഒഴിവിൽ സംരക്ഷിത അദ്ധ്യാപകരെ നിയമിക്കാം..
എയ്ഡഡ് സ്കൂളിൽ നിയമിക്കപ്പെടുമ്പോൾ പ്രായപരിധി കവിയാത്തവരും,ഇപ്പോൾ പ്രായപരിധി കവിഞ്ഞവരുമായ അദ്ധ്യാപകർക്ക് ഉയർന്ന പ്രായപരിധി നിബന്ധന ബാധകമാക്കാതെ നിയമനാംഗീകാരം നൽകാം. വിദ്യാഭ്യാസ ഓഫീസർമാർക്ക് സ്കൂളുകളിൽ പരിശോധന നടത്തി നിയമനം അംഗീകരിക്കാം.