
കാട്ടാക്കട: തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാം വ്ലാവെട്ടിമരക്കുന്നത്തെ മാൻപാർക്കിൽ സഞ്ചാരികളുടെ തിരക്ക്. റിസർവോയറിന്റെ ക്യാച്ച്മെന്റ് ഏരിയയ്ക്ക് സമീപത്തായിട്ടാണ് സഞ്ചാരികൾക്ക് പ്രിയങ്കരമായ പാർക്ക് സ്ഥിതിചെയ്യുന്നത്. 1995ൽ മാനുകളെ സംരക്ഷിക്കുന്നതിനും സ്വതന്ത്ര ആവാസ വ്യവസ്ഥയിൽ ജീവിക്കുന്നതിനുമാണ് പാർക്ക് ആരംഭിച്ചത്. നെയ്യാറിലെത്തുന്ന സഞ്ചാരികൾക്ക് ഇവയെ കാണുന്നതിനും സൗകര്യം ഒരുക്കിയാണ് മരക്കുന്നം കേന്ദ്രീകരിച്ച് മാൻ പാർക്ക് ആശയം നടപ്പാക്കിയത്. മൃഗശാലയിൽ നിന്നും മാനുകളെ ഇവിടെ എത്തിക്കുകയും ചെയ്‌തിരുന്നു. രാവിലെയും വൈകിട്ടും തീറ്റ നൽകുന്ന സമയത്ത് കൂട്ടമായി എത്തുന്ന മാനുകൾ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. മാനിന്റെ ഭക്ഷണം കഴിക്കാനെത്തുന്ന കുരങ്ങുകളെയും പാർക്കിലെത്തുന്നവർക്ക് കാണാം.
പാർക്കിലുള്ളത് 200 ലധികം മാനുകൾ
മാൻ പാർക്ക് ആരംഭിച്ചത് 1995ൽ
യാത്ര
--------------------------------
തമ്പാനൂരിൽ നിന്ന് 31 കിലോമീറ്റർ ദൂരം പിന്നിട്ടാൽ നെയ്യാർ ഡാമിലെത്താം. ഒരു മണിക്കൂർ ബസ് യാത്ര മതിയാകും. തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്നും നെയ്യാർ ഡാമിലേക്ക് കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് നടത്തുന്നുണ്ട്. നെയ്യാർഡാമിന്റെ കവാടം വരെ ബസ് എത്തും.
എണ്ണം കുറയ്‌ക്കാൻ
നീക്കമെന്ന് ആക്ഷേപം
--------------------------------------------------------
2005ന് ശേഷം മാനുകളെ വീണ്ടും വന്ധ്യംകരിക്കാനുള്ള നീക്കം നടക്കുന്നതായി പൊതുപ്രവർത്തകരും ആദിവാസികളും ആരോപിക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പാർക്കിലെ ഒരു ഭാഗത്തു തകൃതിയായി ജോലികൾ നടക്കുകയാണ്. പാർക്കിൽ പ്രത്യേക കൂടുകൾ തയ്യാറാക്കി ആൺ - പെൺ മാനുകളെ വേർതിരിക്കാനുള്ള നടപടിയുടെ ഭാഗമാണെന്നാണ് ആരോപണം. അതേസമയം ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് പ്രതികരിച്ചിട്ടില്ല.
പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർ ഡാമിൽ നിലവിൽ സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് മരക്കുന്നത്തെ മാൻ പാർക്ക്. സഞ്ചാരികൾക്ക് എപ്പോൾ ചെന്നാലും മാനുകളെ തൊട്ടരികിൽ കണ്ട് ആസ്വദിക്കാൻ പറ്റും. വനംവകുപ്പ് പാർക്കിൽ നടത്തുന്ന നിർമ്മാണമാണ് സഞ്ചാരികളിൽ ആശങ്കയുണ്ടാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണം
ബിജുകുമാർ, പൊതുപ്രവർത്തകൻ