
നെടുമങ്ങാട്: അമിതഭാരം കയറ്റിവന്ന തടി ലോറി വൈദ്യുതി കമ്പികളിൽ കുരുങ്ങി കെ.എസ്.ഇ.ബിയുടെ ഒമ്പതിലേറെ പോസ്റ്റുകൾ തകർന്നു. കേരളവിഷന്റെ ഡിജിറ്റൽ ഒപ്ടിക്കൽ ഫൈബർ കേബിളും നശിച്ചു. നെടുമങ്ങാട് കല്ലിംഗൽ - മുക്കോലയ്ക്കൽ റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് അമിത ഭാരം കയറ്റി വന്ന ലോറി ഇലക്ട്രിക് കമ്പികളിൽ കുരുങ്ങുകയായിരുന്നു. 500 മീറ്റർ ദൂരപരിധിയിൽ വരുന്ന പോസ്റ്റുകൾ നിലംപൊത്തി. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും നഷ്ടപരിഹാരം നൽകാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കെ.എസ്.ഇ.ബി നെടുമങ്ങാട് സെക്ഷൻ അധികൃതർ അറിയിച്ചു. ഇന്റർനെറ്റ്- ഡിജിറ്റൽ സിഗ്നൽ സംവിധാനം തടസപ്പെട്ടതിലൂടെയും ഫൈബറുകൾ നശിച്ചതിലൂ
ടെയും ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി കേരള വിഷൻ കേബിൾ ഓപ്പറേറ്റർ ഹരികുമാർ പറഞ്ഞു. അപകടത്തിനിടയാക്കിയ ലോറിയും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലാണ്.