oomen-chandi

തിരുവനന്തപുരം: നികൃഷ്ടമായ രാഷ്ട്രീയ ആക്രമണത്തിന് ഇരയായ മുൻ മന്ത്റി പി.കെ. ജയലക്ഷ്മിക്കെതിരെയുള്ള അഴിമതി ആരോപണക്കേസിൽ അന്വേഷണം അവസാനിപ്പിച്ചെന്നും യാതൊരുവിധ ക്രമക്കേടും കണ്ടെത്തിയില്ലെന്നുമുള്ള വിജിലൻസ് റിപ്പോർട്ട് യു.ഡി.എഫ് നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തുന്ന ഇടതുസർക്കാരിന് കിട്ടിയ തിരിച്ചടിയാണെന്ന് മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടി പ്രസ്താവനയിൽ പറഞ്ഞു. പി.കെ. ജയലക്ഷ്മി പട്ടികവർഗ ക്ഷേമ യുവജനകാര്യ മന്ത്റിയായിരുന്നപ്പോൾ 2015-16ൽ ആദിവാസി ഭൂമി പദ്ധതിയിൽ വൻ അഴിമതിയുണ്ടായി എന്നാണ് സി.പി.എം തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പ്രചരിപ്പിച്ചത്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വയനാട്ടിൽ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. നാലുവർഷത്തെ അന്വേഷണത്തിനൊടുവിലാണ് കേസ് അവസാനിപ്പിച്ചത്. സി.പി.എമ്മിന്റെ കള്ളപ്രചാരണം മൂലം 2016ലെ തിരഞ്ഞെടുപ്പിൽ നേരിയ വോട്ടിന് അവർ തോ​റ്റു. മാനസികമായി തകർന്ന അവർ മാസം തികയാതെ ആറാം മാസത്തിൽ മകൾക്ക് ജന്മം നല്കി. മൂന്നരമാസത്തോളം ആശുപത്രിയിൽ ചികിത്സ നടത്തിയശേഷമാണ് ആരോഗ്യത്തോടെ മകളെ കിട്ടിയത്.

കഴിഞ്ഞ യു.ഡി.എഫ് മന്ത്റിസഭയിൽ മികച്ച പ്രകടനം നടത്തിയ മന്ത്റിയാണ് ജയലക്ഷ്മി. കേരളത്തിൽ ആദ്യമായാണ് ഒരു വനിത ആദ്യതിരഞ്ഞെടുപ്പിൽ ജയിച്ച് 30-ാം വയസിൽ മന്ത്റിയായത്. ദക്ഷിണേന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരു പട്ടികവർഗക്കാരി മന്ത്റിപദത്തിലെത്തിയത്. രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ട് പരിപാടിയിലൂടെയാണ് ജയലക്ഷ്മിയെ കണ്ടെത്തിയത്. ഒരു സ്ത്രീയെന്നോ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആളെന്നോ ഉള്ള പരിഗണനപോലും ഇല്ലാതെയാണ് അവരെ തകർക്കാൻ നോക്കിയതെന്നും ഇത് എല്ലാവർക്കും പാഠമാകണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.