v

തിരുവനന്തപുരം: കാർഷിക സമരത്തിന്റെ മറവിൽ രാജ്യത്തെ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനക്ക് കൂട്ടുനിൽക്കുകയാണ് പ്രതിപക്ഷമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. 'ചിന്താസായഹ്നം" കേന്ദ്ര ബഡ്ജറ്റും കേരളവും എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരെ ചൂഷണം ചെയ്തിരുന്ന ഇടനിലക്കാരെ ഇല്ലാതാക്കുന്നതാണ് പുതിയ കാർഷിക നിയമങ്ങൾ. നിയമത്തെ കുറിച്ച് ശരിയായി മനസിലാക്കാതെ രാജ്യത്തിനകത്തും പുറത്തും രാജ്യത്തെ താഴ്തിക്കെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളെയും സാമൂഹ്യ മാദ്ധ്യമങ്ങളെയും സെലിബ്രേറ്റികളെയും ഇതിനായി ഉപയോഗപ്പെടുത്തുകയാണ്.

പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് കർഷക സമരത്തിന് പിന്തുണ നൽകിക്കൊണ്ട് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച ടൂൾ കിറ്റിൽ നിന്ന് ദേശവിരുദ്ധ ശക്തികളുടെ പങ്ക് വ്യക്തമാണെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് അനുഭാവ പൂർണമായ പരിഗണനയാണ് കേന്ദ്ര ബ‌ഡ്ജറ്റിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. നാറ്റ് പാക് മുൻ ഡയറക്ടർ ഡോ. ശ്രീദേവി, അനേർട്ടിന്റെ സൗരോർജ്ജ കൺസൾട്ടന്റ് ശിവരാമകൃഷ്ണ ഗണേശ അയ്യർ, ഡോ. സി.വി. ജയമണി, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂ‌ർ സതീഷ്, ആർ.സി. ബീന, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു