
തിരുവനന്തപുരം:വ്യത്യസ്തമായ 11 ബോട്ട് യാത്രകളുമായി കെ.ടി.ഡി.സിയുടെ മലനാട് മലബാർ ക്രൂസ് ടൂറിസം പദ്ധതി 15ന് ആരംഭിക്കും.ആറെണ്ണമാണ് ഇൗ മാസം തുടങ്ങുക. പദ്ധതി പൂർത്തിയാകുമ്പോൾ ഏഴു നദികളിലായി 48 ബോട്ട് ജട്ടികളും ടെർമിനലുകളുമുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ഏഴരക്കോടിയോളം രൂപ ചെലവിട്ട് അത്യാധുനിക സംവിധാനങ്ങളോടെ ബോട്ട് ടെർമിനലുകൾ ആദ്യ ക്രൂസ് റൂട്ടിനായി തയ്യാറായിക്കഴിഞ്ഞു.സർക്കാർ,സ്വകാര്യ ബോട്ടുകൾ ഈ ക്രൂസ് നടത്തും.
സ്വദേശ് ദർശൻ പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച 80.37 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി .ഉൾനാടൻ ജലഗതാഗത വകുപ്പ്, കെൽ എന്നിവയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. കണ്ണൂരിലെ ആർക്കിടെക്ട് ടി വി മധുകുമാറാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ രൂപകൽപന നിർവഹിച്ചത്.
വളപട്ടണം, തേജസ്വിനി, കുപ്പം, അഞ്ചരക്കണ്ടി, മാഹി, കവ്വായി, പെരുമ്പ എന്നീ നദികളിലും വലിയ പറമ്പ കായലിലുമാണ് ടൂറിസം ബോട്ട് യാത്രകൾ നടക്കുന്നത്.വടക്കൻ പാട്ടുകളിലൂടെ കളരിക്ക് പ്രസിദ്ധമായ മയ്യഴിയെ അനുസ്മരിപ്പിച്ച് മാഹി നദിയിൽ മാർഷ്യൽ ആർട്സ് ആൻഡ് കളരി ക്രൂസ്, പഴശ്ശിയുടെ വീരകഥകളും സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെയും ഓർമ്മയിൽ അഞ്ചരക്കണ്ടി നദിയിൽ പഴശ്ശി രാജ ആൻഡ് സ്‌പൈസസ് ക്രൂസ് ,പറശ്ശനിക്കടവ് മുത്തപ്പ ചൈതന്യം വിളിച്ചോതി മുത്തപ്പൻ ആൻഡ് മലബാറി ക്യുസീൻ ക്രൂസ്, കാർഷിക സംസ്‌ക്കാരത്തിന്റെ ഓർമ്മയ്ക്ക് ബേർഡ്സ് ആൻഡ് അഗ്രി ക്രൂസ്, വടക്കൻ കേരളത്തിലെ അനുഷ്ഠാന കലകൾ തൊട്ടറിയുന്നതിനുള്ള ക്രൂസ് എന്നിവ വളപട്ടണം പുഴയിലാണ് നടക്കുന്നത്.
കണ്ടൽക്കാടുകളും ഗ്രാമീണ ഭംഗിയും നുകരാൻ കുപ്പം നദിയിൽ കണ്ടൽ ക്രൂസ്, തുരിയം സംഗതോത്സവത്തിന്റെ പിന്നണിയിൽ പെരുമ്പ നദിയിൽ മ്യൂസിക് ക്രൂസ്, കൈത്തറി, കുലത്തൊഴിലുകൾ എന്നിവയുടെ നേർക്കാഴ്ചയുമായി കവ്വായി നദിയിലും വലിയ പറമ്പ കായലിലുമായി ഹാൻഡ്ലൂം ആൻഡ് ഹാന്റി ക്രാഫ്റ്റ് ക്രൂസ്, നീന്തിക്കുളിക്കാനും, ജല വിനോദങ്ങൾക്കുമായി തേജസ്വിനി നദിയിൽ വാട്ടർ സ്‌പോർട് ആൻഡ് റിവർ ബാത്തിംഗ് ക്രൂസ്, ഉത്തരവാദിത്ത ടൂറിസത്തിന്റെ മാതൃകയായി വലിയ പറമ്പ കായലിലൂടെ റെസ്‌പോൺസിബിൾ വില്ലേജ് ക്രൂസ്, യക്ഷഗാനത്തിനുള്ള സമർപ്പണമായി ചന്ദ്രഗിരിപ്പുഴയിൽ യക്ഷഗാന ക്രൂസ് എന്നിവയാണ് തയ്യാറാക്കിയിരിക്കുന്നത്.