dhabathimar

കൊടുങ്ങല്ലൂർ: മതിലകം മതിൽ മൂലയിൽ ദേശീയ പാതയോട് ചേർന്ന് തനിച്ച് താമസിക്കുന്ന വൃദ്ധ ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം.

സ്രാമ്പിക്കൽ വീട്ടിൽ ഹമീദ് (82), ഭാര്യ സുബൈദ (68) എന്നിവരാണ് അക്രമത്തിനിരയായത്. സാരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. അക്രമത്തിന് പിന്നിൽ മോഷണ ശ്രമമാണെന്ന് സംശയമുണ്ടെങ്കിലും മറ്റ് കാരണങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആയുധങ്ങളുമായി മുഖം മറച്ചെത്തിയ രണ്ട് പേരാണ് അക്രമം നടത്തിയത്. ഇവർ വീടിനോട് ചേർന്നുള്ള മുറിയിൽ നേരത്തെ കയറിക്കൂടിയിരുന്നതായും കരുതുന്നു. അക്രമത്തിന് മുമ്പ് ഇവർ വാതിലിൽ മുട്ടി വിളിച്ചു. വാതിൽ തുറന്നതും ആദ്യം ഗൃഹനാഥനെ അക്രമിച്ചു. ചവിട്ടേറ്റ് ഭർത്താവ് താഴെ വീഴുന്നത് കണ്ട ഭാര്യ ഒച്ച വെച്ചതോടെ അക്രമികൾ കൈയിലുണ്ടായിരുന്ന ചവണ പോലുള്ള ആയുധം ഉപയോഗിച്ച് വായിൽ കുത്തിക്കയറ്റി.

ഇതിനിടെ ഇവരുടെ രണ്ട് പല്ലുകൾ നഷ്ടപ്പെട്ടു. ഇലക്ട്രിക്ക് വയർ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്താനും ശ്രമിച്ചു. സുബൈദയുടെ തലയിൽ പലയിടങ്ങളിലും കുത്തി മുറിവേൽപ്പിച്ച നിലയിലാണ്. അക്രമത്തിനിടയിൽ അവരുടെ ഒച്ച കേട്ട് ആളുകൾ ഓടിക്കൂടിയതോടെ അക്രമികൾ പിൻവാതിൽ വഴി രക്ഷപ്പെട്ടു. നാട്ടുകാരെത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവം അറിഞ്ഞ് മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇരിങ്ങാലക്കുടയിൽ നിന്ന് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. സുബൈദയുടെ കഴുത്തിൽ കുരിക്കിട്ട വയറിൽ നിന്ന് മണം പിടിച്ച് വീടിന്റെ പിറക് വശത്ത് കൂടെ കടന്ന് ദേശീയ പാതയിൽ വന്നുനിന്നു. വിരലടയാള വിദഗ്ദ്ധരും, സയന്റിഫിക്ക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തൃശൂർ റൂറൽ എസ്.പി ജി. പൂങ്കഴലി സംഭവ സ്ഥലത്തെത്തി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസന്വേഷിക്കുമെന്നും, ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്നും എസ്.പി പറഞ്ഞു.