gov

തിരുവനന്തപുരം: സി.പി.എം മുൻ എം.പി എം.ബി. രാജേഷിന്റെ ഭാര്യയുടെ നിയമനം വിവാദമായതിന് പിന്നാലെ, കാലടി സർവകലാശാലയിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വീണ്ടും പരാതി. ക്രിസ്ത്യൻ നാടാർ സംവരണ വിഭാഗത്തിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനെതിരെയാണ് ഉദ്യോഗാർത്ഥിയായ സ്മിത ഡാനിയേൽ ഗവർണർക്ക് പരാതി നൽകിയത്.

ഈ തസ്തികയിലേക്ക് തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ ക്രിസ്ത്യൻ നാടാർ വിഭാഗത്തിൽ നിന്ന് രണ്ട് പേരാണുണ്ടായിരുന്നത്. എന്നാൽ, റാങ്ക് ലിസ്റ്റ് വന്നപ്പോൾ യു.ജി.സി നിർദ്ദേശിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതയായ നെറ്റില്ലാത്തയാളെയാണ് നിയമിച്ചതെന്ന് പരാതിയിൽ പറയുന്നു. യു.ജി.സി മാനദണ്ഡമനുസരിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നെങ്കിൽ നിയമനം ലഭിച്ച വ്യക്തി ചുരുക്കപ്പട്ടികയിൽ പോലും ഉൾപ്പെടില്ലായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. യോഗ്യതയുള്ളവർ തഴയപ്പെടുകയും അയോഗ്യർ അനധികൃതമാർഗ്ഗത്തിലൂടെ പരിഗണിക്കപ്പെടുകയും ചെയ്തത് ഉന്നത വിദ്യാഭ്യാസ മേഖലയെ കളങ്കപ്പെടുത്തിയിരിക്കുകയാണെന്നും സ്മിത ആരോപിച്ചു. നിയമനം പുനഃപരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

മലയാളത്തിൽ ഒന്നാം റാങ്കോടെ ബിരുദ, ബിരുദാനന്തരബിരുദവും എം.ഫിലും പി.എച്ച്.ഡിയും നെറ്റും ബി.എഡും നാലര വർഷത്തെ പ്രവൃത്തിപരിചയവുമാണ് സ്മിതയുടെ യോഗ്യത.

എം.ബി.രാജേഷിന്റെ ഭാര്യ നിനിതയ്ക്ക് അസിസ്റ്റന്റ് പ്രൊഫസർ ഇന്റർവ്യൂവിൽ ഒന്നാം റാങ്കും നിയമനവും നൽകിതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി നൽകിയ പരാതിയിൽ ഗവർണർ സർവകലാശാലയോട് വിശദീകരണം തേടിയിരിക്കുകയാണ്.