
തിരുവനന്തപുരം:കമ്മ്യൂണിസം കാലഹരണപ്പെട്ടു എന്ന് പാർട്ടി പരിപാടിയിൽ തുറന്ന് പറയാൻ സാധിക്കാത്തതിനാലാണ് എം.വി ഗോവിന്ദൻ വളഞ്ഞ വഴി പിടിച്ചതെന്ന് വൈരുദ്ധ്യാത്മിക ഭൗതികവാദ വിവാദത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.
കമ്മ്യൂണിസമാണ് ലോകത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനമെന്ന് പറഞ്ഞ് ജനങ്ങളെ സംഘടിപ്പിച്ച് സമരം ചെയ്ത പാർട്ടി നേതാവ് തന്നെ ഇത് തുറന്ന് സമ്മതിച്ചു. ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളിൽ മാറ്റം വേണമെന്നും അതിനർത്ഥമുണ്ട്. കമ്മ്യൂണിസം കാലഹരണപ്പെട്ടതാണ്, ഇന്ത്യയും അത് ഉപേക്ഷിക്കണമെന്നാണ് എം.വി ഗോവിന്ദൻ പറയേണ്ടിയിരുന്നത്. ശബരിമല വിഷയത്തിൽ സി.പി.എമ്മിന് ആശയപരമായ നിലപാടല്ല വോട്ട് ബാങ്ക് കണ്ടുള്ള നിലപാട്. തിരഞ്ഞെടുപ്പിന് മുമ്പ് ഒരു നിലപാട് തിരഞ്ഞെടുപ്പിന് ശേഷം മറ്റൊരു നിലപാട്. അങ്ങനെയാണ് സി.പി.എം.
യു.ഡി.എഫ് യാത്രയുടെ പബ്ളിസിറ്റിക്കാണ് ശബരിമല വീണ്ടും കോൺഗ്രസ് ഉന്നയിക്കുന്നത്. വോട്ടിന് വേണ്ടിയുള്ള നിലപാടല്ല ശബരിമല വിഷയത്തിൽ ബി.ജെ.പിക്ക്. ബി.ജെ.പി വിശ്വാസികൾക്ക് ഒപ്പമാണ്.ശബരിമല വിഷയത്തിൽ കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല. ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപ്പിക്കണമെന്നാണ് ബി ജെ പി നിലപാടെന്നും വി മുരളീധരൻ പറഞ്ഞു.