
നെടുമങ്ങാട്: മലനാടിന്റെ സ്വപ്നപദ്ധതിയായ വഴയില - പഴകുറ്റി നാലുവരിപ്പാതയുടെ ഭാഗമായി കരകുളത്ത് ഫ്ളൈ ഓവർ നിർമ്മിക്കാൻ തയ്യാറെടുപ്പുകൾ തകൃതി. കെൽട്രോൺ ജംഗ്‌ഷൻ മുതൽ കരകുളംപാലം വരെ 600 മീറ്റർ നീളത്തിലാണ് ഫ്ലൈഓവർ നിർമ്മിക്കുന്നത്. അനുബന്ധമായി അപ്രോച്ച് റോഡിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കും. അരുവിക്കരയിൽ നിന്ന് തലസ്ഥാനത്തേക്കുള്ള ജല വിതരണ പൈപ്പുകൾ നിലവിലെ റോഡിന് സമാന്തരമായാണ് സ്ഥാപിച്ചിട്ടുള്ളത്. പൈപ്പ് ലൈനും കിള്ളിയാറും സംരക്ഷിച്ചു കൊണ്ടാണ് ഫ്ളൈ ഓവർ നിർമ്മാണം. ആദ്യഘട്ടത്തിൽ മേൽപ്പാലം നിർമ്മാണം ഒഴിവാക്കിയെങ്കിലും റോഡിന്റെ വീതി 22 മീറ്ററായി നിശ്ചയിച്ചതോടെ ഫ്ളൈ ഓവർ അനിവാര്യമാവുകയായിരുന്നു. കഴിഞ്ഞ ജനുവരി 30ന് സ്ഥലമെടുപ്പ് ഉദ്‌ഘാടനം ഏണിക്കരയിൽ മന്ത്രി ജി. സുധാകരൻ നിർവഹിച്ചിരുന്നു. കല്ലിടീൽ പൂർത്തിയാക്കി സ്പെഷ്യൽ തഹസിൽദാരുടെ നേതൃത്വത്തിൽ വെരിഫിക്കേഷനും സാമൂഹ്യാഘാത പഠനവും പൂർത്തിയാക്കി. കിഫ്‌ബി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സർക്കാർ നിയോഗിച്ച എക്സിക്യൂട്ടീവ് എൻജിനിയറുടെ മേൽനോട്ടത്തിലാണ് ഫ്ളൈ ഓവർ നിർമ്മാണം നടത്തുക.
നെടുമങ്ങാട് ടൗണിലും 21 മീറ്റർ വീതി
സ്ഥലമേറ്റെടുക്കൽ, നാശനഷ്ടം നേരിടുന്ന കെട്ടിടങ്ങളുടെ വില, നിർമ്മാണച്ചെലവ് എന്നിങ്ങനെ 400 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബിക്ക് സമർപ്പിച്ചിരുന്നത്. എന്നാൽ കിഫ്ബിയുടെ ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗം റോഡിന്റെ ടാറിംഗ് വീതി കുറയ്ക്കാതെ, സെന്റർ മീഡിയത്തിന്റെയും ഫുട്പാത്തിന്റെ വീതി കുറച്ചുകൊണ്ട് 21 മീറ്റർ മതിയാവുമെന്ന് കണ്ടെത്തി. ഇതനുസരിച്ച് 256 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. സ്ഥലമെടുപ്പിനുള്ള 59.22 കോടി രൂപ ഉൾപ്പെടെയാണ് ഈ തുക. മലയോര ഹൈവേ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തുക വിനിയോഗിച്ച് നിർമ്മിക്കുന്ന റോഡാണ് വഴയില- പഴകുറ്റി നാലുവരിപ്പാത. നെടുമങ്ങാട് ടൗണിലും 21 മീറ്റർ വീതിയാണ് പദ്ധതിയിൽ നിർദേശിച്ചിട്ടുള്ളത്.
ഇപ്പോൾ മരണവീഥി ...
നാലുവരിപ്പാത വൈകുമ്പോൾ തെങ്കാശി - തിരുവനന്തപുരം അന്തർ സംസ്ഥാന പാതയിൽ വാളിക്കോട്, മരുതിനകം, അഴിക്കോട്, പുരവൂർക്കോണം, പഴകുറ്റി ഭാഗങ്ങൾ റെഡ് സോണുകളായി മാറിയിട്ടുണ്ട്. ദിവസവും ഒരു ഡസനിലേറെ അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. നിരവധി ജീവനുകൾ പൊലിഞ്ഞു. ആര്യനാട്, അരുവിക്കര, പാലോട്, വിതുര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. അമിതവേഗതയും റോഡിന്റെ വീതിക്കുറവുമാണ് അപകടപരമ്പരയ്ക്ക് കാരണം. രാവിലെയും വൈകിട്ടും വലിയ തിരക്കാണ് റോഡിൽ അനുഭവപ്പെടുന്നത്. രോഗികളുമായി മെഡിക്കൽ കോളേജിൽ പോകാനെത്തുന്ന ആംബുലൻസുകളും എയർപോർട്ട് സർവീസുകളും ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നത് പതിവാണ്. പലസ്ഥലങ്ങളിലും സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ല. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ മിനിട്ടുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. കൊടും വളവുകളിൽ പോലും മതിയായ സിഗ്നലുകൾ സ്ഥാപിച്ചിട്ടില്ല. എതിരെ വരുന്ന വാഹനങ്ങൾ തൊട്ടടുത്ത് എത്തിയാൽ പോലും കാണാൻ കഴിയാത്ത അവസ്ഥയാണ്.
അപകടമുനമ്പിൽ
വാളിക്കോട്
മരുതിനകം
അഴിക്കോട്
പുരവൂർക്കോണം
പഴകുറ്റി
കൊല്ലംകാവ്
തത്തംകോട്
പുത്തൻപാലം
മഞ്ഞക്കോട്ടുമൂല
പദ്ധതിക്കായി അനുവദിച്ചത്: 256 കോടി രൂപ
സ്ഥലമേറ്റെടുപ്പിന്: 59.22 കോടി രൂപ
ഫ്ളൈ ഓവറിന്റെ നീളം: 600 മീറ്റർ
റോഡ്: 04 വരിപ്പാതയാകും
റോഡിന്റെ വീതി: 21 മീറ്റർ