
വിതുര: കേരളകൗമുദി വാർത്ത വഴിത്തിരിവായതോടെ അടച്ചുറപ്പുള്ള വീടെനായി നിർദ്ധന കുടുംബത്തിന്റെ കാത്തിരിപ്പിന് വിരാമം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ ഇടപെടലിലാണ് വിതുര പഞ്ചായത്ത് മരുതാമല വാർഡ് കുന്നുപുറത്തു വീട്ടിൽ ഷീല- ജോസ് ദമ്പതികൾക്ക് സ്വപ്നഭവനം ഒരുങ്ങിയത്. ഷീല മരുതാമല ഐസർ കാമ്പസിലെ താത്കാലിക ക്ലീനിംഗ് തൊഴിലാളിയും ജോസ് കൂലിപ്പണിക്കാരനുമാണ്. പ്ലസ് ടുവിനും, പ്ലസ് വണ്ണിനും പഠിക്കുന്ന രണ്ടു മക്കളാണിവർക്കുള്ളത്. ലഭിക്കുന്ന തുച്ഛവരുമാനം കൊണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ പോലും നടക്കാത്ത അവസ്ഥയായിരുന്നു.
മൺകട്ടയും ഓലയും പ്ളാസ്റ്റിക് ഷീറ്റുംകൊണ്ട് നിർമ്മിച്ച ഷെഡിലാണ് ഇവർ അന്തിയുറങ്ങിയിരുന്നത്. കാറ്റിലും മഴയിലും നിരവധി തവണ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണിട്ടുണ്ട്. ഒരു വീടിനു വേണ്ടി ഇവർ മുട്ടാത്ത വാതിലുകൾ ഇല്ല. ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ല. കളക്ടർക്കും നിവേദനം നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. മഴക്കാലത്ത് ജീവൻ പണയംവച്ചാണ് നാലുപേരും അന്തിയുറങ്ങിയിരുന്നത്.
മൂന്ന് മാസം മുൻപ് ഇവരുടെ ദുരിതകഥ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇവരുടെ വീട് സന്ദർശിച്ചു. തുർന്നാണ് വീട് നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപ അനുവദിച്ചത്. സെപ്തംബറിൽ നിർമ്മാണോദ്ഘാടനം നടത്തിയ വീടിന്റെ ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയായി. ഇന്ന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ വി.കെ. മധു വീടിന്റെ താക്കോൽദാനം നിർവഹിക്കും. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.