
ചേലക്കര: പട്ടയം ലഭിച്ച വില്ലേജ് ഭൂമിയിൽ നിന്നും മുറിച്ചെടുത്ത മരങ്ങൾ കടത്താനുള്ള ശ്രമം പിടികൂടി. എളനാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുലാക്കോട് ആണ് വനംവകുപ്പ് അനുവദിച്ച 18 പാസുകളിലായി കോടിക്കണക്കിന് വിലവരുന്ന 160 ഓളം മരങ്ങൾ കടത്താൻ ശ്രമിച്ചത്. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേലക്കര സി.ഐ: ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് എത്തി മരം കയറ്റിയ വാഹനം പിടിച്ച് വനംവകുപ്പിന് കൈമാറി.
വനം വകുപ്പ് അനുവദിച്ച പാസിലാണ് മരം കടത്തിയതെങ്കിലും ഇക്കഴിഞ്ഞ രണ്ടിന് ഇത്തരം പട്ടയഭൂമിയിൽ നിന്നും മരം മുറിക്കാനുള്ള ഉത്തരവ് സർക്കാർ തന്നെ റദ്ദാക്കിയിരുന്നു. പാസ് അനുവദിച്ചിരിക്കുന്നതാകട്ടെ ഇക്കഴിഞ്ഞ നാലിനാണ്. ആറാം തീയതിയാണ് മരം കൊണ്ടു പോകുന്നതിനിടെ പിടികൂടിയത്. നിയമവിരുദ്ധമായാണ് പാസ് അനുവദിച്ചതെന്ന ആരോപണവുമുണ്ട്.
മലമ്പാടം പ്രദേശത്ത് നിന്ന് വ്യാപകമായി മരം മുറിച്ചുകടത്തിയിട്ടുള്ളതായും സർക്കാർ ഉത്തരവ് ലംഘിച്ച് നടത്തിയ മരംകൊള്ള ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടു നടക്കുകയാണെന്നുമാണ് ആരോപണം. പാസ് നിയമവിരുദ്ധമാണെന്ന ആക്ഷേപം ഉയർന്നതോടെ പാസിൽ തീയതി രേഖപ്പെടുത്തുന്നതിൽ തെറ്റ് പറ്റിയതാണെന്ന് കാണിച്ച് ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്.