pension

തിരുവനന്തപുരം: താത്കാലിക ജീവനക്കാരെ വഴിവിട്ട് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരപ്പെടുത്തുന്നതിനെതിരെ ഉയർന്ന വിവാദങ്ങളും സാമ്പത്തിക പ്രതിസന്ധിയും അവഗണിച്ച് മുഖ്യമന്ത്രിയുടെ ഒാഫീസിലെ ഏഴ് ജീവനക്കാർക്ക് പെൻഷൻ ഉറപ്പാക്കാൻ ചട്ടഭേദഗതി വരുത്താനുള്ള കഴിഞ്ഞ മന്ത്രിസഭായോഗ തീരുമാനം വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസർ, പ്രസ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി, അദ്ദേഹത്തിന്റെ സ്റ്റാഫിൽപെട്ട ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ്, ഡ്രൈവർ എന്നിവർക്കാണ് വൻതുക പെൻഷനുറപ്പാക്കാൻ തീരുമാനിച്ചത്.

30പേർ വരെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലാകാം. ഇതിൽ കൂടുതൽ നിയമിച്ചാൽ ശമ്പളം നൽകാമെങ്കിലും പെൻഷന് അർഹതയുണ്ടാകില്ല. പാർട്ടിക്കാരെയും പാർട്ടിപത്രത്തിലുള്ളവരെയുമാണ് അധികമായി നിയമിക്കുക. ഇവർക്ക് രണ്ടുവർഷം സർവീസ് ചെയ്താൽ തന്നെ മുഴുവൻപെൻഷനും ലഭിക്കുന്ന രീതിയിലാണ് സ്പെഷ്യൽ റൂൾസ് മുൻകാല പ്രാബല്യത്തോടെ മാറ്റുന്നത്.