
തിരുവനന്തപുരം: മുൻസിഫ് മജിസ്ട്രേട്ട് പ്രിലിമിനറി പരീക്ഷയ്ക്ക് എറണാകുളത്തിന് പുറമേ കൂടുതൽ ജില്ലകളിൽ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി ഉദ്യോഗാർത്ഥികൾ. പതിനായിരത്തോളം പേർ പങ്കെടുക്കുന്ന പരീക്ഷ ഈ മാസം 28നാണ് നടക്കുന്നത്. രാവിലെ 10ന് ആരംഭിക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ തലേദിവസം എറണാകുളത്തേക്ക് എത്തേണ്ട സ്ഥിതിയാണ്. കൊവിഡ് കാലത്ത് ഇത് പ്രതിസന്ധിയാകുമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആശങ്ക. എറണാകുളത്തിന് പുമേ വടക്കൻ,തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് തിരുവനന്തപുരത്തും കോഴിക്കോടും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചാൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസകരമാകും. വിഷയത്തിൽ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ 28ന് നടക്കുന്ന പരീക്ഷയെഴുതാൻ ഉദ്യോഗാർത്ഥികൾ പാടുപെടും. ഹൈക്കോടതി വിഷയത്തിൽ അനുഭാവ പൂർണമായ ഇടപെടൽ സ്വീകരിക്കുമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ.
സൗജന്യപരിശീലനം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് കോഴ്സിൽ സൗജന്യ പരിശീലനത്തിന് അപേക്ഷക്ഷണിച്ചു. രണ്ടു മാസം ദൈർഘ്യമുള്ള പരിശീലനത്തിൽ പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പെൻഡ്,സ്റ്റഡി കിറ്റ് ,യൂണിഫോം എന്നിവ ലഭിക്കും. 15 ന് മുൻപ് 9645566005, 9645566002ൽ ബന്ധപ്പെടണം.
പി എച്ച്.ഡിക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:എ.പി.ജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഡോക്ടറൽ ഫെലോഷിപ്പോടുകൂടി എൻജിനിയറിംഗ്/ടെക്നോളജിയിൽ ഫുൾ ടൈം പിഎച്ച്.ഡി പ്രവേശനത്തിനായി എസ്.സി, എസ്.ടി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
app.ktu.edu.in എന്ന പോർട്ടലിൽ 16നകം അപേക്ഷ സമർപ്പിക്കണം.500 രൂപയാണ് അപേക്ഷാ ഫീസ്.