
ഇരവിപുരം: റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോകാൻ വാഹനം കാത്തുനിന്ന യുവാവിന് ബൈക്കിൽ ലിഫ്ട് നൽകി ബിയർ കുപ്പിക്ക് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് ബാഗും പേഴ്സും പണവും കവർന്ന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
തൊടുപുഴയിൽ എൽ.എൽ.ബിക്ക് പഠിക്കുന്ന അയത്തിൽ നഗർ ആറ് കിഴക്കേ മണ്ണറ വീട്ടിൽ അമീനാണ് (2l) ദുരനുഭവം ഉണ്ടായത്. ഉളിയക്കോവിൽ കണ്ണമത്ത് വീട്ടിൽ നിന്ന് തൃക്കരുവ കാഞ്ഞിരംകുഴി ഞാറയ്ക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്യാം (25), തഴുത്തല പേരയം പുതുച്ചിറ നഴ്സിംഗ് കോളേജിന് സമീപം തോട്ടത്തിൽ പുത്തൻവീട്ടിൽ വാളി സജി എന്ന് വിളിക്കുന്ന സജികുമാർ (36) എന്നിവരാണ് അറസ്റ്റിലായത് കഴിഞ്ഞ മൂന്നിന് രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
ബൈക്കിൽ കയറ്റിയ ശേഷം സംഘം കവർച്ച നടത്തി പരിക്കേൽപ്പിച്ച് പുന്തലത്താഴത്തിനും ഡീസന്റ് മുക്കിനും ഇടയിൽ വയലിൽ തള്ളുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
ശ്യാമിന്റെ പേരിൽ അഞ്ചാലുംമൂട്, കൊല്ലം ഈസ്റ്റ് എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ ദീപു, ഷെമീർ, സൂരജ് ഭാസ്കർ, ജി.എസ്.ഐമാരായ ജയകുമാർ, ഷാജി, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ മനോജ്, വിനു വിജയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.