
കേരളത്തിലിപ്പോൾ നടക്കുന്നത് പ്രത്യേകമായൊരു സാമൂഹ്യ കാലാവസ്ഥാ ന്യൂനമർദ്ദമാണ് ! 2018 സെപ്‌തംബർ ഒടുവിൽ ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് കൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഒരു വിധി പുറപ്പെടുവിക്കുമ്പോൾ അതിൽ അസ്വാഭാവികമായി ഒന്നുമില്ലായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ അന്തസും ആഭിജാത്യവും ഉയർത്തിപ്പിടിച്ചുള്ള വിധി പരമോന്നത നീതിപീഠം പുറപ്പെടുവിക്കുമ്പോൾ ഇന്ത്യൻ പൗരബോധം അതിൽ മതിമറന്ന് ആഹ്ലാദിക്കേണ്ടിയിരുന്നു. എന്നാൽ, നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ വാർത്തെടുക്കപ്പെട്ട കേരളീയ സമൂഹത്തിൽ നാമജപ ഘോഷയാത്രകളും 'കുലസ്ത്രീ' പ്രക്ഷോഭങ്ങളും ഇരമ്പിയാർത്തു വന്നപ്പോൾ ആ കേരളത്തെ മാറിനിന്ന് വീക്ഷിച്ചുകൊണ്ടിരുന്നവർ ശരിക്കും പകച്ചു!
എല്ലാ ആചാരങ്ങളുടെയും മീതെയാണ് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് അന്നത്തെ വിധിയിൽ അടിവരയിട്ടു. ഭരണഘടനാ സദാചാരം പടുത്തുയർത്തയിരിക്കുന്നത് അന്തസ്, സമത്വം, സ്വാതന്ത്ര്യം എന്നീ മൂന്ന് തൂണുകളിന്മേലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സമത്വം എന്നത്, ജാതി,മത, വംശ, ലിംഗ ഭേദമില്ലാതെ ഏവർക്കും അനുഭവവേദ്യമാകേണ്ടതാണ് എന്നാണ് ഭരണഘടന നമ്മോട് പറയുന്നത്. ഭരണഘടനാസ്ഥാപനമായ പരമോന്നത നീതിപീഠം ആ മൂല്യങ്ങളുയർത്തിപ്പിടിക്കുന്നത് സുന്ദരമായൊരു കാവ്യനീതിയാണ്.
വിധിക്ക് പിന്നാലെ ഇരമ്പിയാർത്തുവന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയവരെല്ലാം ആരോഗ്യകരമായ വിധിയെ തുടക്കത്തിൽ പൂർണമനസോടെ ഉൾക്കൊണ്ടവരായിരുന്നു. പക്ഷേ, കേരളീയസമൂഹത്തിന് നവോത്ഥാന മൂല്യസങ്കല്പമൊക്കെ ബാഹ്യമോടി മാത്രമാണെന്ന തിരിച്ചറിവ് പെട്ടെന്നുണ്ടായി. വിധിയെ പിന്തുണച്ച പലരും സമരകോലാഹലങ്ങളുടെ നായകത്വമേറ്റെടുക്കാനായി, അഭിജാതമായ ഭരണഘടനാമൂല്യങ്ങളെ ചവിട്ടിമെതിച്ച്, തിക്കിത്തിരക്കി, മത്സരിച്ചോടി. ഭരണഘടനയും കോടതിവിധിയും തിക്കിലും തിരക്കിലും പെട്ട് ചതഞ്ഞരഞ്ഞു. വനിതാമതിലും നവോത്ഥാന മൂല്യസംരക്ഷണസമിതിയും പ്രതിരോധിക്കാൻ ശ്രമിച്ചിട്ട് പരാജയം വിഴുങ്ങി.
ലോക്‌സഭാ തിരഞ്ഞെടുപ്പും പിന്നാലെ രണ്ടാം പ്രളയവും കേരളത്തിലുണ്ടായി. നവോത്ഥാന മൂല്യസംരക്ഷണ സമിതിയേക്കാളും നാമജപ ഘോഷയാത്രയാണ് പ്രധാനമെന്ന തിരിച്ചറിവ്, ഇടതുപക്ഷത്തിലും ഉണർത്താൻ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പാർലമെന്ററി പ്രായോഗിക രാഷ്ട്രീയതലം ധാരാളമായിരുന്നു.
ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള വിധിക്കെതിരായി പ്രവഹിച്ച പുന:പരിശോധനാ ഹർജികൾ മറ്റൊരു വിശാല ബെഞ്ച് പരിഗണിക്കട്ടെയെന്ന് പറഞ്ഞ് തത്‌കാലം തലവേദന ഒഴിവാക്കിയിരിക്കുന്നു സുപ്രീംകോടതി. തലവേദന ഒഴിഞ്ഞത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം കൊടുക്കുന്ന കേരളത്തിലെ ഇടതുജനാധിപത്യ മുന്നണി മന്ത്രിസഭയ്ക്കു കൂടിയാണ്.
ഇന്നിപ്പോൾ ശബരിമല, താത്കാലികമായിട്ടെങ്കിലും വിവാദങ്ങളിൽ നിന്നൊഴിഞ്ഞുനില്പാണ്. ഉത്സവം പതിവിൻപടി നടക്കുന്നുണ്ട്. കൊവിഡിന്റെ നീരാളിപ്പിടുത്തത്തിൽ ഭക്തജനപ്രവാഹത്തിൽ അല്പം കുറവുണ്ടായി എന്നതൊഴികെ ഇത്തവണയും മണ്ഡല, മകരവിളക്ക് ഉത്സവം പഴി കേൾപ്പിക്കാതെ പൂർത്തിയായി.
പക്ഷേ, കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോരിലേക്ക് കടക്കുമ്പോൾ ശബരിമലയിലേക്ക് രാഷ്ട്രീയം ശക്തിയോടെ കേന്ദ്രീകരിക്കുന്നുവെന്നത് അത്രമേൽ ആരോഗ്യദായകമല്ല.
യു.ഡി.എഫ് ചിന്തകൾ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രാദേശികമായ തർക്ക-വിതർക്കങ്ങളുടെ ഉരകല്ലാവുന്നത് കൊണ്ട്, ആ തിരഞ്ഞെടുപ്പുഫലം നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന സാമാന്യതത്വത്തിൽ വിശ്വസിക്കാനാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. ക്ഷേമ, വികസന ആനുകൂല്യങ്ങളുടെ നേട്ടം ആ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഇടതുപക്ഷം സാമാന്യേന വിശ്വസിക്കുന്നു.
അതിനേക്കാളധികം, മുസ്ലിംലീഗിനെയും തീവ്ര ന്യൂനപക്ഷവർഗീയതയ്ക്ക് വളമിടുന്നെന്ന് സി.പി.എം ആരോപിക്കുന്ന ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയുമൊക്കെ കേന്ദ്രീകരിച്ച് നടത്തിയ രാഷ്ട്രീയാക്രമണം ഗുണമായിട്ടുണ്ടെന്ന് കരുതുന്നവർ ഇടതുപക്ഷത്തും യു.ഡി.എഫിലുമുണ്ട്. തെക്കൻ, മദ്ധ്യ തിരുവിതാംകൂർ മേഖലകളിൽ പ്രതീക്ഷിച്ചതിലപ്പുറത്തേക്ക് തിരഞ്ഞെടുപ്പ് ഫലം വഴിമാറിപ്പോയി എന്നത് യു.ഡി.എഫ് ഉൾക്കൊള്ളുന്ന കയ്പേറിയ യാഥാർത്ഥ്യമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചുവരവിന് കോൺഗ്രസ് തനിച്ച് അമ്പതിന് മുകളിൽ സീറ്റുകൾ നേടണം. അതിന് തെക്കൻ, മദ്ധ്യ കേരളങ്ങളിലെ ഫലം നിർണായകമാണ്. അവിടങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥ അതിനായി പാകപ്പെട്ട് വരുന്നുണ്ടോയെന്ന മുമ്പില്ലാതിരുന്ന ചോദ്യം അവരെ വല്ലാതെ മഥിക്കുന്നു. മദ്ധ്യകേരളത്തിന്റെ ക്രൈസ്തവമേഖലകളിലാകട്ടെ, സുറിയാനി കത്തോലിക്കരുടെ രാഷ്ട്രീയരൂപമായ കേരള കോൺഗ്രസുകളുടെ, ഏറ്റവും പ്രബലമായ മാണിഗ്രൂപ്പിന്റെ പിന്മുറക്കാർ (മാണിയുടെ പുത്രൻ ജോസ് മാണിയും കൂട്ടരും) ഇടതിനൊപ്പം ചേർന്നതും ഇസ്ലാമോഫോബിയ പോലെയുള്ള മറ്ര് ചില കാലാവസ്ഥാ വ്യതിയാനങ്ങളും യു.ഡി.എഫിനെ അലട്ടുന്നു.
ക്രൈസ്തവരെ അടുപ്പിച്ചുനിറുത്താനുള്ള സാമൂഹ്യവൈദഗ്ദ്ധ്യം മുഖ്യമന്ത്രിയും സി.പി.എമ്മും ആവോളം പ്രകടിപ്പിക്കുന്നുണ്ട്. ക്രൈസ്തവരിലെ പുതിയ ധ്രുവീകരണചിന്തകളിൽ മുതലെടുപ്പ് സാദ്ധ്യമാക്കാനുള്ള വലിയ പരീക്ഷണങ്ങളിലേക്ക് കേരളത്തിൽ സംഘപരിവാറും പ്രവേശിച്ചിരിക്കുന്നു. ലവ് ജിഹാദിനെതിരെ പ്രമേയം പാസാക്കിയത് സീറോ മലബാർ സഭയാണെങ്കിൽ, ലവ് ജിഹാദിനെതിരെ ഉത്തർപ്രദേശ് മോഡൽ നിയമനിർമ്മാണം കൊണ്ടുവരുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയിരിക്കുന്നത് ബി.ജെ.പിയുടെ കേരളഘടകം അദ്ധ്യക്ഷനായ കെ. സുരേന്ദ്രനാണ്. അവിടേക്കാണ് ശബരിമലയുടെ വിത്തെറിഞ്ഞുള്ള പുതിയ വിളവെടുപ്പ് പരീക്ഷണത്തിലേക്ക് യു.ഡി.എഫ് പ്രവേശിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെക്കെന്നോ മദ്ധ്യമെന്നോ വടക്കെന്നോ ഭേദമില്ലാതെ, ശബരിമല വിവാദം തുണച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. ശബരിമല വിധിയുയർത്തി ഒരു വിഭാഗം തെറ്റിദ്ധാരണയ്ക്ക് ശ്രമിച്ചത് തിരിച്ചടിയായിട്ടുണ്ടെന്ന് സി.പി.എമ്മും, ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്തപ്പോൾ കണ്ടെത്തുകയുണ്ടായി.
ആചാര സംരക്ഷണവും കരട് നിയമവും
ധർമ്മാധർമ്മ ചിന്തകൾ വേണ്ടെന്ന യുദ്ധത്തിന്റെ നീതിശാസ്ത്രം തന്നെയാണിവിടെയും. തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെടുന്നത്, ഏതു വിധേനയും നിയമസഭായുദ്ധം ജയിക്കണമെന്ന് മാത്രമാണ്. തിരഞ്ഞെടുപ്പ് പ്രചരണ മേൽനോട്ട സമിതിയുടെ അദ്ധ്യക്ഷപദവിയിലേക്ക് ജനപ്രിയനായ ഉമ്മൻ ചാണ്ടിയെ അവരോധിച്ചത്, ജനപ്രിയ തന്ത്രങ്ങൾ മെനയാൻ ആയിരിക്കണം.
ശബരിമല യുവതീപ്രവേശന വിധിയിൽ പുന:പരിശോധനാ ഹർജികൾ വേഗത്തിൽ തീർപ്പാക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെടണമെന്ന് ആദ്യമാവശ്യപ്പെട്ടത് ഉമ്മൻ ചാണ്ടിയാണ്. അവിടെയദ്ദേഹം അവസാനിപ്പിച്ചില്ല. യുവതീപ്രവേശനമാവാമെന്ന മട്ടിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സർക്കാർ സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ്, ആചാരസംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നൽകിയ സത്യവാങ്മൂലം ഇപ്പോഴത്തെ സർക്കാർ തിരുത്തിയത് ഉയർത്തിക്കാട്ടി. ശബരിമലയിലെ യുവതീപ്രവേശനം നേരത്തേ മുതൽ ആർ.എസ്.എസുൾപ്പെടെ ആവശ്യപ്പെട്ടിരുന്നതാണെന്നതാണ് മറ്രൊരു യാഥാർത്ഥ്യം. ഇതിനായി ഹൈക്കോടതിയിൽ നിന്ന് തള്ളപ്പെട്ട ഹർജികൾ സുപ്രീംകോടതിയിലെത്തിയപ്പോൾ 2006ലെ അച്യുതാനന്ദൻ സർക്കാർ ഭരണഘടനാമൂല്യങ്ങളുയർത്തിപ്പിടിച്ചുള്ള സത്യവാങ്മൂലം നൽകുകയുണ്ടായി. അത് ശ്രദ്ധയിൽപ്പെട്ടയുടൻ തിരുത്തിയെന്നാണ് ഉമ്മൻ ചാണ്ടി പറയുന്നത്. ആചാരസംരക്ഷണം വിശ്വാസികളുടെ സംരക്ഷണമാണെന്നദ്ദേഹം പറയുന്നു. ഇടതുകാലം തുടർന്നാൽ, വിശ്വാസികൾക്ക് ആപത്തുണ്ടായേക്കാമെന്ന് അതുവഴി പറയാതെ പറയുന്നു.
ആചാരസംരക്ഷണത്തിന് നിയമനിർമ്മാണമെന്ന ബുദ്ധി യു.ഡി.എഫ് ബുദ്ധികേന്ദ്രങ്ങളിലുദിച്ചതായിരുന്നു. ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ ലോകസഭയിൽ സ്വകാര്യബിൽ കൊണ്ടുവന്നത് ശബരിമലപ്രക്ഷോഭത്തിന്റെ മൂർദ്ധന്യകാലത്താണ്. ഇന്നിപ്പോൾ മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും കോൺഗ്രസ് നേതാവുമായ ആസിഫ് അലിയെക്കൊണ്ട് കരട് ബിൽ ഉണ്ടാക്കിയെടുത്തതും ഉമ്മൻചാണ്ടിയുടെ മുൻകൈയിലെന്നാണ് സംസാരം. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ അത് പുറത്തിറക്കി.
തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടത്തിൽ കണ്ണുവച്ചുള്ളതാണെങ്കിലും ഈ കരട് ബിൽ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമാനം, നൂറ്റാണ്ടുകൾക്ക് പിന്നിലുള്ള ചിന്താപദ്ധതികളെ മുന്നോട്ടുവയ്ക്കുന്നു എന്നുള്ളതുകൊണ്ടു തന്നെ അങ്ങേയറ്റം അപകടകരമാണെന്ന് പറയാതെ വയ്യ. മതതീവ്രവാദികളാൽ നയിക്കപ്പെടുന്ന മതരാഷ്ട്രങ്ങളിൽ ഒരുപക്ഷേ നടന്നേക്കാവുന്ന കാര്യങ്ങൾ, പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെയും സി.എച്ച്. മുഹമ്മദ് കോയയുടെയുമൊക്കെ പാരമ്പര്യം അവകാശപ്പെടുന്ന കോൺഗ്രസും മുസ്ലിംലീഗും നേതൃത്വം നൽകുന്ന ഒരു മുന്നണി അവതരിപ്പിക്കാമോ? ആചാരലംഘനത്തിന് രണ്ടുവർഷമാണ് തടവ് ശിക്ഷ. 41 ദിവസത്തെ വ്രതാനുഷ്ഠാനം, മനസാ, വാചാ, കർമണാ ഉള്ള ബ്രഹ്മചര്യം, വ്രതകാലത്ത് ആൾ കുടുംബത്തിൽ നിന്ന് മാറിത്താമസിക്കണം, പ്രാർത്ഥനയ്ക്കും ആഹാരത്തിനും മുമ്പ് ശരീരശുദ്ധി വരുത്തണം എന്നിങ്ങനെയെല്ലാം ആചാര നിർവചന പരിധിയിലുണ്ട്!
ദൈവത്തിന് ഭേദചിന്തയുണ്ടോയെന്ന ചോദ്യമൊക്കെ എന്നേ അപ്രസക്തമായിപ്പോയിരിക്കുന്നു, കേരളത്തിൽ! ശബരിമല ഇപ്പോളൊരു തർക്കവിഷയമേ ആകേണ്ടതല്ലെന്നിരിക്കെ, യു.ഡി.എഫ് അതെടുത്തിട്ടപ്പോൾ ഇടതുമുന്നണി അതിൽ കയറി കൊരുക്കരുതായിരുന്നു എന്നാണ് നവോത്ഥാന മൂല്യസംരക്ഷണസമിതിക്ക് കേരളത്തിൽ സമീപകാലത്ത് നേതൃത്വം നൽകിയിരുന്ന പുന്നല ശ്രീകുമാർ പറയുന്നത്.
ഇപ്പോൾ തണുത്തുറഞ്ഞ് കിടക്കുന്ന ശബരിമല വിഷയത്തെ യു.ഡി.എഫ് വിവാദച്ചൂളയിലേക്ക് എടുത്തിട്ടതും സി.പി.എമ്മും മുഖ്യമന്ത്രിയുമുൾപ്പെടെ അതിൽ കയറി കൊരുത്തതും കാണിക്കുന്നത് കേരളത്തിന്റെ തികഞ്ഞ ലക്ഷണക്കേടാകുന്നു.
മൃദുഹിന്ദുത്വത്തിൽ നിന്ന് തീവ്രഹിന്ദുത്വത്തിലേക്ക് വിത്തെറിഞ്ഞ് കൊടുത്ത കോൺഗ്രസ്, അതിൽ വിളവൊരുക്കാൻ സംഘപരിവാറിനും അവസരമൊരുക്കിയിരിക്കുന്നു. എൻ.ഡി.എ കേരളത്തിൽ അധികാരത്തിലെത്തിയാൽ ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ടുനൽകുമെന്ന കെ. സുരേന്ദ്രന്റെ പ്രഖ്യാപനം ശ്രദ്ധിക്കുക. അയോദ്ധ്യക്ഷേത്രം മുമ്പ് രാജീവ്ഗാന്ധി വിവാദത്തിലേക്ക് തുറന്നിട്ട് കൊടുത്തതിന്റെ ചരിത്രം ഓർമ്മിക്കുന്നതും നന്നായിരിക്കും.
വൈരുദ്ധ്യാത്മക ഭൗതികവാദം
ഇന്ത്യയെയും കേരളത്തെയും പോലൊരു ബൂർഷ്വാ വ്യവസ്ഥിതി നിലനിൽക്കുന്ന സമൂഹത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്ന സി.പി.എം നേതാവ് എം.വി. ഗോവിന്ദന്റെ നിരീക്ഷണം പ്രസക്തമാകുന്നത് ഇവിടെയാണ്. വിശ്വാസികളെയും ഉൾക്കൊണ്ടേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും മുന്നോട്ട് പോകാനാവൂ എന്നദ്ദേഹം പറയുന്നത് പുതിയ കാര്യമല്ലായിരിക്കാം. എന്നാൽ, യുവതീപ്രവേശന വിധി വന്നപ്പോൾ ഭരണഘടനാമൂല്യം ഉയർത്തിപ്പിടിക്കാൻ നിലകൊണ്ട സി.പി.എം നേതൃത്വം ഇപ്പോൾ പറയുന്നു, റിവ്യു ഹർജികളിലെ വിധിക്ക് ശേഷം എല്ലാവരുമായും ചർച്ച നടത്തി ധാരണയിലെത്താമെന്ന്!
മാർക്സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെയും വൈരുദ്ധ്യത്തിലൂടെയുമാണ് വളരുന്നതും നിലനിൽക്കുന്നതും എന്നതാണ് ഈ സിദ്ധാന്തം വിവക്ഷിക്കുന്നത്. മുതലാളിത്തവും തൊഴിലാളിവർഗവും തമ്മിലെ നിരന്തരമായ വർഗസമരത്തിലൂടെയാവണം ജനാധിപത്യവിപ്ലവത്തിലേക്ക് നീങ്ങാനെന്ന് സാരം. ഇന്ത്യൻ സമൂഹം അങ്ങനെയൊരു വർഗസമരത്തിന് പാകപ്പെട്ടിട്ടില്ലെന്ന് തുറന്നുപറയാൻ എം.വി. ഗോവിന്ദനെ പ്രേരിപ്പിച്ചത് ശബരിമല വിധിക്കു ശേഷമുണ്ടായ കേരളീയ ചിന്തകളാണോ?
ആദ്യ കമ്മ്യൂണിസ്റ്ര് മന്ത്രിസഭ അധികാരമേറ്റപ്പോൾ നടത്തിയ റേഡിയോ പ്രഭാഷണത്തിൽ ഇ.എം.എസ് പ്രഖ്യാപിച്ചത് കോൺഗ്രസ് നടപ്പാക്കാത്ത കോൺഗ്രസിന്റെ നയങ്ങളാകും ഈ മന്ത്രിസഭ നടപ്പാക്കുകയെന്നാണ്. അപ്പോൾ കമ്മ്യൂണിസത്തിന് പാകമാകാത്ത സമൂഹത്തിൽ ഗോവിന്ദന്റെ ചിന്തകൾക്കും ന്യായീകരണമാകാം.