1

പൂവാർ: പൊഴിയൂരിൽ ഫിഷിംഗ് ഹാർബർ എന്ന് പ്രാവർത്തികമാകും എന്നാണ് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നത്. വർഷങ്ങളായുള്ള പ്രദേശവാസികളുടെ സ്വപ്നമാണ് ഏത് കാലാവസ്ഥയിലും വള്ളം ഇറക്കാൻ കഴിയുന്ന ഒരു ഫിഷിംഗ് ഹാർബർ വേണമെന്നത്. കേരള അതിർത്തിയായ കൊല്ലങ്കോട് മുതൽ പൂവാർ പൊഴിക്കര വരെ ഏകദേശം അര ലക്ഷത്തോളം മത്സ്യത്തൊഴിലാളികളാണുള്ളത്. ഇവരിൽ ബഹുഭൂരിപക്ഷവും ദൂരസ്ഥലങ്ങളിലെ ഫിഷിംഗ് ഹാർബറുകളെ ആശ്രയിച്ചാണ് തൊഴിലെടുക്കുന്നത്. ബാക്കി വരുന്ന പത്ത് ശതമാനം മത്സ്യത്തൊഴിലാളികൾ മാത്രമാണ് തദ്ദേശീയമായി തൊഴിലെടുക്കുന്നത്. ഒരു വർഷം മുൻപ് തമിഴ്നാട് ഭാഗത്ത് കടലിൽ പുലിമുട്ട് നിർമ്മിച്ചതോടെ കൊല്ലങ്കോട് മുതലുള്ള ഒരു കിലോമീറ്ററോളം ദൂരത്ത് കടൽകയറി വള്ളം ഇറക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ദൂരസ്ഥലങ്ങളിൽ പോയി പണിയെടുക്കേണ്ടിവരുന്നതിനാൽ അധിക ചെലവും തൊഴിൽ ദിനങ്ങളിൽ നഷ്ടവും സംഭവിക്കുന്നതായി പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

സാദ്ധ്യതകൾ...

കൊല്ലങ്കോട്, പരുത്തിയൂർ, പൂവാർ പൊഴിക്കര വരെ വിശാലമായ പുറമ്പോക്ക് ഭൂമിയുള്ളതിനാൽ പ്രത്യേകിച്ച് സ്ഥലം ഏറ്റെടുക്കേണ്ടതില്ല. പരുത്തിയൂർ പ്രദേശത്തെ കടലിന് ആഴക്കൂടുതലുള്ളതിനാൽ നിർമ്മാണ ചെലവ് കുറയ്ക്കാനുമാകും. ഹാർബർ എൻജിനിയറിംഗ് വിഭാഗം നടത്തിയ പ്രാഥമിക പഠനത്തിൽ കൊല്ലങ്കോട് മുതൽ പൂവാർ പൊഴിക്കര വരെ പുലിമുട്ട്, ഹാർബർ എന്നിവയുടെ നിർമ്മാണത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് ഏകദേശം 150 കോടി രൂപയിൽ ആധുനിക സൗകര്യങ്ങളാടുകൂടിയ മത്സ്യബന്ധന തുറമുഖം നിർമ്മിക്കാനാകും എന്നാണ് കണ്ടെത്തൽ. ഇതനുസരിച്ചുള്ള രൂപരേഖ 2019ൽ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഇനി വേണ്ടത് പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ പരിമിതികളിൽ ഒന്നാനായ മണൽ അടിയുന്നതിന്റെ സാദ്ധ്യതകളും മറ്റും ഉൾക്കൊണ്ട് പരിസ്ഥിതി ആഘാത പഠനം നടത്തുക എന്നതാണ്.

ഹാർബർ വന്നാൽ

1)മത്സ്യ ബന്ധന തുറമുഖം കേന്ദ്രീകരിച്ച് മാനേജ്മെന്റ് സൊസൈറ്റികൾ വരും. ഇതോടെ മത്സ്യത്തൊഴിലാളികൾക്കും ഉപഭോക്താവിനും ചൂഷണത്തിൽ നിന്ന് രക്ഷപ്പെടാം.

2)അന്തർ ദേശീയ നിലവാരമുള്ള വിപണന സംസ്കരണ സംവിധാനം ഉറപ്പുവരുത്താനാകും.

3)ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം നടപ്പാകും. ഇതിലൂടെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്താനാകും

4)ദൈനംദിന മേൽനോട്ടത്തിന് സ്ഥിരം സംവിധാനമാകും

5)അനുബന്ധ മേഖലയിൽ തൊഴിൽ വർദ്ധിക്കും.

6)പ്രദേശത്തെ റോഡുകൾ നവീകരിക്കപ്പെടുന്നതോ‌ടെ ഗതാഗതസൗകര്യം മെച്ചപ്പെടും