rat

കൊവിഡിനെ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളെയും മറ്റ് സൂഷ്മ ജീവികളെയും കണ്ടെത്താൻ എലികൾക്ക് പ്രത്യേക പരിശീലനം നൽകുകയാണ് ശാസ്ത്രലോകം. ദരിദ്ര രാജ്യങ്ങളിൽ കന്നുകാലികളെ കൊന്നൊടുക്കുന്ന മാരക വൈറസുകളെ ' മണത്ത് കണ്ടുപിടിക്കാനാണ് ' 3 അടിയോളം നീളമുള്ള 'കൂറ്റൻ' എലികളുടെ സംഘത്തെ ഇപ്പോൾ പരിശീലിപ്പിക്കുന്നത്. ഇത് വിജയിച്ചാൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസെല്ലോസിസ് രോഗബാധയെ കണ്ടെത്താനാണ് ഈ എലികൾക്ക് സാധിക്കുക.

കന്നുകാലികളിലെ പാസ്ചറൈസ് ചെയ്യാത്ത പാൽ, വേവിക്കാത്ത മാംസം എന്നിവ കഴിക്കുന്നത് വഴിയാണ് മനുഷ്യരെ ബ്രൂസെല്ലോസിസ് ബാധിക്കുന്നത്. സാധാരണ പശുക്കളെയാണ് ബാക്ടീരിയ രോഗമായ ബ്രൂസെല്ലോസിസ് കൂടുതലും പിടികൂടുന്നത്.

യൂണിവേഴ്സിറ്റി ഒഫ് ഗ്ലാസ്ഗോയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലൂടെയാണ് പദ്ധതി പുരോഗമിക്കുന്നത്. മനുഷ്യനെ ബാധിക്കുന്നതിൽ നാലിൽ മൂന്ന് ഭാഗം പകർച്ചവ്യാധികളും മൃഗങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.

കൊവിഡിന്റെ കാര്യത്തിൽ അത് വവ്വാലിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ് കരുതുന്നത്. ഇത്തരത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാദ്ധ്യതയുള്ള വൈറസുകളെയും മറ്റും ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, യുദ്ധ മേഖലയിൽ ലാൻഡ്മൈനുകൾ മണത്ത് കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച എലികളെ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. അതുപോലെ, രോഗനിർണയത്തിലും എലികൾക്ക് ഭാവിയിൽ നിർണായക പങ്ക് വഹിക്കാനാകുമെന്ന് ഗവേഷകർ പറയുന്നു.

ക്ഷയരോഗത്തെ കണ്ടെത്താൻ എലികളെ വിജയകരമായി പരിശീലിപ്പിച്ചു കഴിഞ്ഞതായും അടുത്ത ലക്ഷ്യം ബ്രൂസെല്ലോസിസ് ആണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. അതും വിജയകരമായാൽ കൊവിഡ് ഉൾപ്പെടെയുള്ള മാരക വൈറസുകളെ കണ്ടെത്താൻ എലികളെ പ്രാപ്തമാക്കിയെടുക്കാനാണ് പദ്ധതി. നിലവിൽ ഒമ്പത് എലികളെയാണ് പരിശീലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്.