1

നെയ്യാറ്റിൻകര: തീരദേശ - ആദിവാസി മേഖലയിലെ കുട്ടികൾക്ക് അതിജീവന ശേഷികൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 'നാട്ടരങ്ങ് ' തുടങ്ങി. തീരദേശ മേഖലയായ പൂവാർ പഞ്ചായത്തിൽ പൂവാർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും കോട്ടുകാൽ അടിമലത്തുറയിലുമാണ് നാട്ടരങ്ങ് തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

രണ്ടു കേന്ദ്രങ്ങളിലുമായി 6 മുതൽ 9 വരെ ക്ലാസുകളിലെ 60 കുട്ടികളാണ് പങ്കെടുക്കുന്നത്. നാട്ടരങ്ങിന്റെ ഭാഗമായി കൂട്ടരങ്ങ്, ഡിജിറ്റൽ ആൽബം നിർമാണം, പ്രാദേശിക കലാപ്രകടന വേദികൾ, പ്രകൃതി നടത്തം, ഉത്പന്ന പ്രദർശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ക്യാമ്പിൽ തയാറാക്കുന്ന ആഡിയോ ലെക്സിക്കൺ, ഡിജിറ്റൽ പോർട് ഫോളിയോ, ഷോർട് ഫിലിം എന്നിവ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കിടാനും പദ്ധതിയുണ്ട്. കുട്ടികളുടെ സാമൂഹികാന്തരീക്ഷവുമായി ബന്ധപ്പെട്ട പഠന വസ്തുതകൾക്കാണ് മുൻഗണന നൽകുന്നത്. ഓരോ പ്രദേശത്തെയും തൊഴിലുകളുടെ ആധുനികവത്കരണം, ഉത്പന്നങ്ങളുടെ വിപണന സാദ്ധ്യതകൾ എന്നിവയും നാട്ടറിവുകളും പരിചയപ്പെടുത്തും. ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ് അദ്ധ്യക്ഷനായി. ത്രിതല പഞ്ചായത്ത് ഭാരവാഹികളായ ബി.മധുസൂദനൻ നായർ, പ്രഭാ ബിജു, സുനിലാ ഖാദർ, ഡി. ജീജകുമാരി, ഹെഡ്മിസ്ട്രസ് പുഷ്പബായി, പ്രിൻസിപ്പൽ ജസ് ലറ്റ് റാണി,​ പി.ടി.എ പ്രസിഡന്റ് ജിസ്തി മൊയ്തീൻ, സംസ്ഥാന പ്രോഗ്രാം ഓഫീസർ എ.കെ. സുരേഷ് കുമാർ,​ ജില്ലാ പ്രോഗ്രാം ഓഫീസർ ബി. ശ്രീകുമാരൻ, എ.ഇ.ഒ ആർ.ബാബു, ബി.പി.സി എം.അയ്യപ്പൻ, എസ്. രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.