
ഏഴു വർഷങ്ങൾക്കിപ്പുറം ഹിമാലയൻ താഴ്‌വാരയിലുള്ള ഉത്തരാഖണ്ഡ് വീണ്ടുമൊരു ദുരന്ത സംഭവത്തിന് സാക്ഷിയാവുകയാണ്. ഞായറാഴ്ച രാവിലെ നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം അടർന്നുവീണുണ്ടായ പ്രളയത്തിൽ വൻതോതിൽ ജീവാപായം ഉണ്ടായി. വസ്തുവകകൾക്കുണ്ടായ കനത്ത നാശം കൃത്യമായി തിട്ടപ്പെടുത്താൻ ആഴ്ചകൾ വേണ്ടിവരും. ശൈത്യകാലത്തുണ്ടായ ഈ ദുരന്തം ശാസ്ത്രജ്ഞരെപ്പോലും വല്ലാതെ കുഴക്കുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. സാധാരണഗതിയിൽ നല്ല ചൂടുകാലത്താണ് മഞ്ഞുമലകൾ പതിവിലേറെ ഉരുകി നാശനഷ്ടങ്ങളുണ്ടാകാറുള്ളത്. എന്നിരുന്നാലും ആഗോളതലത്തിൽ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം ഹിമാലയൻ മലനിരകളെയും കാര്യമായി ബാധിച്ചുകൊണ്ടിരിക്കുന്നതായി വേണം അനുഭവങ്ങളിൽ നിന്നു മനസിലാക്കാൻ. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങൾക്കിടയിൽ ഹിമാലയത്തിലെ മഞ്ഞുപാളികൾ മുൻകാലങ്ങളെക്കാൾ വേഗത്തിൽ ഉരുകിക്കൊണ്ടിരിക്കുന്നതായാണ് പഠനങ്ങൾ. അതിനൊപ്പം പ്രകൃതിയിലെ മനുഷ്യന്റെ വിവേകരഹിതമായ ഇടപെടലുകൾ കൂടിയായപ്പോൾ തുടർച്ചയായ ദുരനുഭവങ്ങൾക്ക് ഗതിവേഗം വർദ്ധിച്ചു എന്നു കരുതിയാൽ മതി. ഗംഗയുടെ പോഷകനദികളായ ധൗളിഗംഗയിലും ഋഷിഗംഗയിലുമുണ്ടായ മിന്നൽ പ്രളയമാണ് ഈ പ്രദേശത്തെ ഒട്ടേറെ ഗ്രാമങ്ങളിൽ നാശം വിതച്ചത്. എത്രപേർ പ്രളയപ്പാച്ചിലിൽ ഒലിച്ചുപോയെന്നതു സംബന്ധിച്ച കൃത്യമായ കണക്കൊന്നുമില്ല. ഞായറാഴ്ച വൈകിട്ടുവരെ തിരച്ചിലിൽ പത്തു ജഡങ്ങൾ ലഭിച്ചിട്ടുണ്ട്. നൂറ്റിയൻപതിനും നൂറ്റിയെഴുപതിനുമിടയ്ക്ക് തൊഴിലാളികൾ വെള്ളപ്പാച്ചിലിൽ പെട്ടിരിക്കാമെന്നാണ് ഊഹം. ഋഷിഗംഗാ നദിയിൽ രണ്ട് അണക്കെട്ടുകളുമായി ബന്ധപ്പെട്ട നിർമ്മാണ ജോലികളിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ് കാണാതായവരിൽ ബഹുഭൂരിപക്ഷവും. ഒരു സ്വകാര്യ ജലവൈദ്യുതി നിലയം പാടേ തകർന്നതായാണ് റിപ്പോർട്ട്. എൻ.ടി.പി.സി യും ഇവിടെ ഒരു അണക്കെട്ട് നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. അതിനും കനത്ത നാശനഷ്ടമുണ്ടായി. അണക്കെട്ടിന്റെ തുരങ്കത്തിൽ കുടുങ്ങിയ 17 ജീവനക്കാരെ രക്ഷാസേനകൾ രക്ഷപ്പെടുത്തുകയുണ്ടായി. വിവിധ സേനകളിൽപ്പെട്ട രക്ഷാപ്രവർത്തകർ തിങ്കളാഴ്ചയും വിശ്രമമില്ലാതെ രക്ഷാപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എൻ.ടി.പി.സി മൂവായിരം കോടി രൂപ ചെലവിട്ടാണ് തപോവൻ ജലവൈദ്യുത പദ്ധതി നിർമ്മിച്ചുകൊണ്ടിരുന്നത്. പ്രളയപ്പാച്ചിലിൽ അത് പൂർണമായും ഒലിച്ചുപോയതായാണു വിവരം. അതീവ പരിസ്ഥിതിലോല പ്രദേശമായ ഹിമാലയൻ താഴ്‌വര എക്കാലവും പ്രകൃതി ദുരന്തങ്ങളുടെ ഭൂമിയാണ്. 2013 ജൂണിൽ ഉത്തരാഖണ്ഡിലുണ്ടായ തീവ്രപ്രളയത്തിൽ ആറായിരത്തോളം പേരാണ് മരിച്ചത്. തീർത്ഥാടന സീസണിലെ ഈ ദുരന്തം ഭയാനകമായ നാശനഷ്ടങ്ങളാണു സൃഷ്ടിച്ചത്. കേദാർനാഥ് പരക്കെ തകർത്തുകൊണ്ടാണ് പ്രളയജലം ഒഴുകിയത്. കേദാർനാഥ് തീർത്ഥാടനം ദീർഘനാളത്തേക്കു മുടങ്ങുകയും ചെയ്തു.
ഹിമാലയൻ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന നദികളിൽ അനേകം അണക്കെട്ടുകൾ ഉയർന്നിട്ടുണ്ട്. ഓരോ വർഷവും പുതുതായി ഉണ്ടാകുന്നുമുണ്ട്. പരിസ്ഥിതിലോല മേഖലകളിൽ അണക്കെട്ടുകൾ മാത്രമല്ല റോഡുകളും മലകൾ തുരന്നുള്ള നിർമ്മാണങ്ങളും അപകടം ക്ഷണിച്ചു വരുത്തുന്നവയാണെന്ന് പരിസ്ഥിതി വിദഗ്ദ്ധർ ആവർത്തിച്ചു മുന്നറിയിപ്പു നൽകാറുണ്ടെങ്കിലും ചെവിക്കൊള്ളാറില്ല. വികസനത്തിന്റെ ഭാഗമായി ആവശ്യങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് നിർമ്മാണങ്ങളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഉത്തരാഖണ്ഡിൽ മാത്രം കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങൾക്കിടയിൽ ആയിരക്കണക്കിനു ഹെക്ടർ വനഭൂമി ഇല്ലാതാക്കിയാണ് അനവധി അണക്കെട്ടുകൾ ഉയർന്നത്. വനരക്ഷയ്ക്ക് വേണ്ടി രാജ്യത്ത് ആദ്യമായി ജനകീയ പ്രസ്ഥാനം രൂപപ്പെട്ടതു ഉത്തരാഖണ്ഡിലാണ്. സുന്ദർലാൽ ബഹുഗുണയുടെ നേതൃത്വത്തിലുള്ള ചിപ്‌കോ പ്രസ്ഥാനം ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമാണ്.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഞായറാഴ്ച ഉണ്ടായ മഞ്ഞുമലയിടിച്ചിലിനും തുടർന്നുണ്ടായ മിന്നൽ പ്രളയത്തിനും കാരണമായ സാങ്കേതിക പ്രതിഭാസത്തിന്റെ മൂലകാരണം ശാസ്ത്രകാരന്മാരും പരിസ്ഥിതി വിദഗ്ദ്ധരും അചിരേണ കണ്ടെത്തുമെന്നു പ്രതീക്ഷിക്കാം. അതേസമയം പരിസ്ഥിതിയെ പാടേ മറന്നുകൊണ്ടുള്ള മനുഷ്യന്റെ ഇടപെടലുകളാണ് ഇത്തരത്തിലുള്ള വലിയ ദുരന്തങ്ങൾക്കു വഴിവയ്ക്കുന്നതെന്ന യാഥാർത്ഥ്യം സാമാന്യബോധമുള്ള ആർക്കും മനസിലാകും. വികസന പദ്ധതികൾ കൂടാതെ രാജ്യത്തിനു മുന്നോട്ടു പോകാനാവില്ലെന്നതു അംഗീകരിക്കപ്പെട്ട വസ്തുത തന്നെ. ഒപ്പം സദാ ഓർക്കേണ്ട കാര്യമാണ് പ്രകൃതിയെ വലിയ തോതിൽ മുറിവേൽപ്പിക്കാത്തതാകണം പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടലുകൾ എന്നത്. ജനസംഖ്യാ വർദ്ധനവിന് അനുസരണമായി കൂടുതൽ ആവശ്യങ്ങൾ ഉയരുക സ്വാഭാവികമാണ്. അതിനനുസരിച്ച് കൂടുതൽ വിഭവങ്ങളും ആവശ്യമായി വരും. കൃഷിയിടങ്ങൾ കൂടുതലായി വേണ്ടിവരും. ജലത്തിന്റെ ആവശ്യവും വൻതോതിൽ വർദ്ധിക്കും. ഇതിനൊക്കെ പ്രകൃതിയെത്തന്നെ വേണം ആശ്രയിക്കാൻ. ഇങ്ങനെ ചെയ്യേണ്ടിവരുമ്പോഴും പ്രകൃതിയുടെ സന്തുലിതത്വം നശിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകളുണ്ടാകാതിരിക്കാനുള്ള വിവേകമാണ് ഭരണകൂടങ്ങൾ കാണിക്കേണ്ടത്. പ്രകൃതിചൂഷണം അനിയന്ത്രിതമായ നിലയിൽ എത്തുമ്പോഴൊക്കെ പ്രകൃതി അതിനു പകരം വീട്ടാറുമുണ്ട്. രണ്ടുവർഷം മുൻപ് കേരളവും തുടർച്ചയായ രണ്ട് പ്രളയങ്ങളിലൂടെ ഈ സത്യം തിരിച്ചറിഞ്ഞതാണ്. എന്നിട്ടു വല്ല പാഠവും പഠിച്ചോ? ഇപ്പോഴിതാ വയനാട്ടിലെ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കക്ഷിഭേദമെന്യേ വൻ സമര പരമ്പര രൂപം കൊള്ളുകയാണ്. വന്യജീവി സങ്കേതിനു ചുറ്റുമായി 118 ച. കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയാക്കുന്നതിനെതിരെയാണ് പ്രതിഷേധം. ജനവാസ മേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ വയനാട് ബന്തും സംഘടിപ്പിച്ചിരുന്നു. കേന്ദ്ര വിജ്ഞാപനം തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തും എഴുതിയിട്ടുണ്ട്. എന്തുവന്നാലും കേന്ദ്ര വിജ്ഞാപനം നടപ്പാക്കുകയില്ലെന്ന് സംസ്ഥാന വനംമന്ത്രിയും പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ഗാഡ്‌ഗിൽ റിപ്പോർട്ട് വന്നപ്പോഴും പ്രചണ്ഡമായ പ്രചാരണവും പ്രതിഷേധങ്ങളും അതിനെതിരെ നടന്നത് ഓർത്തുപോകുന്നു. മലമേഖലകളിൽ പാലിക്കേണ്ട പരിസ്ഥിതി സുരക്ഷയെക്കുറിച്ചാണ് ഗാഡ്‌ഗിൽ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നത്. അദ്ദേഹം പറഞ്ഞതൊക്കെ ശരിയാണെന്നു ബോദ്ധ്യപ്പെടാൻ തുടർച്ചയായ രണ്ട് പ്രളയങ്ങൾ വേണ്ടിവന്നു. അതിനുശേഷവും പിടിവാശി തെല്ലും അയഞ്ഞിട്ടില്ലെന്നത് വേറെ കാര്യം. ഓരോ പ്രകൃതി ദുരന്തവും ഓരോ പുതിയ ഓർമ്മപ്പെടുത്തലാണെന്നു മനസിലാക്കണം.