mongolia

കിഴക്കൻ ഏഷ്യൻ രാജ്യമായ മംഗോളിയയിൽ കാണപ്പെടുന്ന നാടോടി വിഭാഗമാണ് മംഗോളിയൻ നൊമാഡുകൾ. മംഗോളിയയുടെ സംസ്കാരത്തിലും ചരിത്രത്തിലും ഏറെ പ്രാധാന്യമുള്ള ഇക്കൂട്ടരുടെ ജീവിതം വളരെ വ്യത്യസ്തമാണ്. 340,​000 സ്ക്വയർ മൈൽ വ്യാപിച്ചു കിടക്കുന്ന പുൽമേട്ടിൽ നൂറുകണക്കിന് മംഗോളിയൻ നൊമാഡുകളാണ് ജീവിക്കുന്നത്.

ഏഷ്യയിലും യൂറോപ്പിലും വ്യാപിച്ചു കിടക്കുന്ന വിസ്തൃതമായ ഈ പുൽമേടുകൾ 'സ്റ്റെപ്' എന്നാണ് അറിയപ്പെടുന്നത്. പർവ്വതപ്രകൃതമായ പുൽപ്രദേശങ്ങളും ഏതാനും ചില ചെറിയ കുറ്റിച്ചെടികളും ഇവിടെ കാണാം. സാവന്ന, പ്രയറി പോലുള്ള പുൽമേടുകളെ പോലെ ഇവിടെയും മരങ്ങൾ കുറവാണ്. സമുദ്ര നിരപ്പിൽ നിന്ന് കൂടുതൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ മഴ താരതമ്യേന കുറവാണ്.

ഗോബി മരുഭൂമിയുടെ ദുർഘടമായ ഭൂപ്രദേശങ്ങൾക്കും സൈബീരിയൻ കാടുകൾക്കുമിടയിലാണ് മംഗോളിയൻ പുൽമേടുകൾ സ്ഥിതി ചെയ്യുന്നത്. ശൈത്യകാലത്ത് - 40 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുന്നത് ഈ പ്രദേശത്ത് പതിവാണ്. കന്നുകാലികളെ വളർത്തി ഉപജീവന മാർഗം കണ്ടെത്തുന്ന നൊമാഡുകളുടെ പ്രധാന ആഹാരം പാലും മാംസവും മാത്രമാണ്. പച്ചക്കറികൾ വളരെ വിരളമായാണ് ഇവർ കഴിക്കുന്നത്.

ഈ മേഖലയിൽ യാതൊരു പച്ചക്കറിക്കൃഷിയുമില്ല. മാത്രമല്ല, കടകളിൽ പോയി വരാൻ കുറഞ്ഞത് ഒരു ദിവസമെങ്കിലും സമയം വേണ്ടി വരും. ആയിരക്കണക്കിന് വർഷങ്ങളായി പുൽമേട് പ്രദേശങ്ങളിൽ ജീവിക്കുന്ന മംഗോളിയൻ നൊമാഡുകൾ ലോകത്ത് ഇന്ന് അവശേഷിക്കുന്ന വളരെ കുറച്ച് നാടോടി വിഭാഗങ്ങളിൽ ഒന്നാണ്. ചെമ്മരിയാട്, പശു, ആട്, കുതിര, യാക്ക് തുടങ്ങിയ തങ്ങളുടെ വളർത്തു മൃഗങ്ങളുടെ കൂട്ടവുമായി ഇക്കൂട്ടർ വർഷത്തിൽ രണ്ട് മുതൽ നാല് തവണ വരെ ദേശാനന്തര ഗമനം നടത്താറുണ്ട്. യർട്ടുകൾ എന്നറിയപ്പെടുന്ന വൃത്താകൃതിയിലുള്ള കൂടാരങ്ങളിലാണ് ഇവരുടെ ജീവിതം.

ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുമ്പോൾ കൂടെ കൊണ്ടു പോകാൻ ഉതകുന്ന തരത്തിലുള്ള ചെറിയ കൂടാരങ്ങളാണിവ. തങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് വേണ്ടിയുള്ള മേച്ചിൽപ്പുറങ്ങൾ കണ്ടെത്താനാണ് മംഗോളിയൻ നൊമാഡുകൾ പുൽമേടുകളിലൂടെ കൂടുവിട്ട് കൂടുമാറുന്നത്. ഫെബ്രുവരി - ഏപ്രിൽ കാലയളവിൽ -40 ഡിഗ്രി സെൽഷ്യസ് താപനിലയുള്ളപ്പോൾ നോമാഡുകൾ 100 മൈലോളം ദൂരം താണ്ടി പടിഞ്ഞാറൻ മംഗോളിയയിലെ അൽത്തായ് മലനിരകളിലേക്ക് പലായനം ചെയ്യുന്നു. തങ്ങളുടെ വസ്തുവകകൾ ചെറു ട്രക്കുകളിലും മറ്റും ഇപ്പോൾ ഇവർ കൊണ്ടു പോകാറുണ്ട്.

എന്നാൽ, വളർത്തുമൃഗങ്ങളെ നൊമാഡുകൾ കാൽനടയായി മലനിരകളിലൂടെയാണ് കൊണ്ടുപോകുന്നത്. വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നതിന്റെ പ്രധാന ചുമതല സ്ത്രീകൾക്കാണ്. തങ്ങളുടെ ആഹാരമായ തൈര്, വെണ്ണ, പാൽക്കട്ടി, പാൽ കൊണ്ടുള്ള മധുര പലഹാരങ്ങൾ തുടങ്ങിയവ വളർത്തുമൃഗങ്ങളിൽ നിന്ന് തന്നെയാണ് ഇവർക്ക് ലഭിക്കുന്നത്. അതുപോലെ, കുതിരയുടെയോ കഴുതയുടെയോ പാലിൽ നിന്ന് നിർമ്മിക്കുന്ന 'കുമിസ് ' എന്നറിയപ്പെടുന്ന ഒരു തരം പുളിപ്പിച്ചെടുക്കുന്ന പാലിനും ഇവർക്കിടയിൽ പ്രചാരമേറെയാണ്.

പരുന്തുകളെയും നൊമാ‌ഡുകൾ വളർത്തുന്നു. എല്ലാവർഷവും ഒക്ടോബർ മാസത്തിൽ നടക്കുന്ന, പരുന്തുകളെ തമ്മിൽ പോരടിപ്പിക്കുന്ന ഗോൾഡൻ ഈഗിൾ ഫെസ്റ്റിവലിൽ നൊമാഡുകൾ പങ്കെടുക്കാറുണ്ട്. സോളാർ പാനലിൽ നിന്നുള്ള വൈദ്യുതി വഴിയാണ് നൊമാഡുകൾ തങ്ങളുടെ ചെറിയ ടിവി, മൊബൈൽ ഫോണുകൾ, മോട്ടോർ സൈക്കിൾ എന്നിവയുടെ ബാറ്ററികൾ ചാർജ് ചെയ്യുന്നത്.

ദേശാടനക്കിളികളെ പോലെയാണ് ജീവിതമെങ്കിലും തങ്ങളുടെ യർട്ടുകളുടെ ഉൾഭാഗം മനോഹരമാക്കിവയ്ക്കാൻ നൊമാഡുകൾ ശ്രദ്ധിക്കാറുണ്ട്. തങ്ങളുടെ കുടുംബാംഗങ്ങളുടെയും പൂർവികരുടെയും ചിത്രങ്ങളാണ് പ്രധാനമായും നൊമാഡുകളുടെ യർട്ടുകൾക്കുള്ളിൽ കാണാൻ സാധിക്കുക.