
മുൻ പേ - റിവഷനുകളിലും 11 -ാം പേറിവിഷൻ റിപ്പോർട്ടിലും വിവിധ വകുപ്പുകളിലെ അടിസ്ഥാന യോഗ്യത ഉയർത്തിയ തസ്തികകൾക്ക് ശമ്പള സ്‌കെയിൽ വർദ്ധിപ്പിച്ചു നൽകിയിട്ടുണ്ട്. എന്നാൽ പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഐ.ടി.ഐകളിലെ ട്രെയിനിംഗ് സൂപ്രണ്ടിന്റെ അടിസ്ഥാന യോഗ്യത 1997-ലെ സ്പെഷ്യൽ റൂളിൽ എൻജിനിയറിംഗ് ഡിപ്ളോമ ആയും 2010ലെ സ്പെഷ്യൽ റൂളിൽ എൻജിനിയറിംഗ് ബിരുദവും ആക്കി ഉയർത്തിയെങ്കിലും 1989ലെ സ്പെഷ്യൽ റൂൾ പ്രകാരമുള്ള താഴ്ന്ന ശമ്പള സ്കെയിലിന് ആനുപാതികമായാണ് 11-ാം പേ റിവിഷൻ റിപ്പോർട്ടിലും ശുപാർശ നൽകിയിട്ടുള്ളത്.
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ളതും 100-ൽ താഴെ ട്രെയിനികൾക്ക് പരിശീലനം നൽകിവരുന്നതുമായ ഐ.ടി.ഐകളിലെ വൈസ് പ്രിൻസിപ്പൽമാർക്ക് 42300 - 87000 എന്ന ഉയർന്ന സ്കെയിൽ നൽകുമ്പോൾ തത്തുല്യ യോഗ്യതയും ജോലി സ്വഭാവവുമുള്ള പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള സ്ഥാപന മേധാവികളായ ട്രെയിനിംഗ് സൂപ്രണ്ട് ആൻഡ് പ്രിൻസിപ്പലിന്റെ ശമ്പള സ്കെയിൽ 30700 - 65400 മാത്രമാണ്. 2011ൽ വകുപ്പ് ഡയറക്ടർ ട്രെയിനിംഗ് സൂപ്രണ്ടിന്റെ ശമ്പള സ്കെയിൽ ഉയർത്തുന്നതിന് സർക്കാരിലേക്ക് വ്യക്തമായ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുള്ളതും സർക്കാർ നിർദ്ദേശപ്രകാരം നിയമിച്ചിട്ടുള്ള ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിലും കേരള അക്കൗണ്ടന്റ് ജനറലിന്റെ ആഡിറ്റ് പരാമർശത്തിലും തസ്തിക വ്യാവസായിക പരിശീലന വകുപ്പിലേതിന് തുല്യമാക്കി ഉയർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ OA. 698/2014 നമ്പർ കേസിന്റെ അന്തിമ വിധിയിൽ തുല്യ ജോലിക്ക് തുല്യവേതനം എന്ന വ്യവസ്ഥയ്ക്ക് വിധേയമായി വ്യാവസായിക പരിശീലന വകുപ്പിലെ വൈസ് പ്രിൻസിപ്പലിന്റെ ശമ്പള സ്കെയിൽ നൽകാൻ പരിഗണിക്കണമെന്ന് 23-06-2016ൽ ഉത്തരവായിട്ടുണ്ടെങ്കിലും സർക്കാർ നാളിതുവരെ പരിഗണിച്ചിട്ടില്ല. 100 തമാനം അർഹതയുണ്ടെന്ന് പകൽപോലെ ബോദ്ധ്യപ്പെട്ട വിഷയം ശമ്പള കമ്മിഷനും സർക്കാരും കണ്ടില്ലെന്ന് നടിക്കുന്നത് പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഒരു വിഭാഗം ജീവനക്കാരോട് കാണിക്കുന്ന കടുത്ത വിവേചനമാണ്.
നവീൻ. എസ്.ആർ.
പിരപ്പൻകോട്