
തടയണ വീണ്ടും നിർമ്മിക്കണമെന്ന് ആവശ്യം
കിളിമാനൂർ: നിരവധി കുടിവെള്ള പദ്ധതികളുടെ ആശ്രയമായ വാമനപുരം നദിയിൽ ജലനിരപ്പ് കുറയുന്നു. നദിയിൽ തടയണ നിർമ്മിക്കുമെന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കിയാൽ മാത്രമേ ജലസംഭരണം കൂടുതൽ പ്രാവർത്തികമാക്കാൻ കഴിയൂ. മിക്ക പ്രദേശങ്ങളിലും ഇപ്പോഴും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. വാമനപുരം ആറ്, ചിറ്റാർ എന്നിവിടങ്ങളിൽ തടയണ നിർമ്മിക്കുമെന്നും അതുവഴി വേനൽ കാലത്തെ ജലക്ഷാമം ഒഴിവാക്കാമെന്നുമായിരുന്നു കരുതിയിരുന്നത്. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും കുടിവെള്ള വിതരണം വാമനപുരം നദിയിലെ പദ്ധതികളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. വേനൽക്കാലങ്ങളിൽ ചാക്കുകളിൽ മണൽ നിറച്ചും മുളങ്കമ്പും ഉപയോഗിച്ച് താത്കാലിക തടയണകൾ നിർമ്മിക്കുമെങ്കിലും മഴക്കാലത്ത് ഇവയെല്ലാം കുത്തിയൊലിച്ച് പോകാറാണ് പതിവ്. ഇതിന് പകരമായി സ്ഥിരം തടയണകൾ നിർമ്മിച്ച് ജലക്ഷാമം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാമനപുരം നദിയിലെ പ്രധാന കുടിവെള്ള പദ്ധതികളിലൂടെ
പ്രതിദിനം വിതരണം ചെയ്യുന്ന ജലം - 80.5 mld
പ്രധാന കുടിവെള്ള പദ്ധതികൾ
വക്കം - അഞ്ചുതെങ്ങ്:- 9 mld
അഴൂർ - ചിറയിൻകീഴ്: 12.5 mld
ആറ്റിങ്ങൽ: 4.5 mld
പള്ളിപ്പുറം ടെക്നോ സിറ്റിയിലേക്ക് :9-mld
നെല്ലനാട് - 3 mld
വർക്കല - 19 mld
ശാർക്കര - 0. 2 mld
ഇടയ്ക്കോട്-10 mld
കിളിമാനൂർ - പഴയകുന്നുമ്മൽ -മടവൂർ - 16 mld
കരവാരം - 2 mld
പരിഹാരം ഉടൻ വേണം
വാമനപുരം നദിയിൽ നിലവിൽ പൂവമ്പാറയിലെ തടയണ മാത്രമാണുള്ളത്. വേനൽക്കാലത്ത് കടലിലെ ഉപ്പുവെള്ളം
കുടിവെള്ള പദ്ധതികളിൽ കയറുന്നത് തടയാനാണ് ഇത് നിർമ്മിച്ചത്. ആറാട്ടുകടവ്, കാരേറ്റ്, വാമനപുരം, അഞ്ചുതെങ്ങ് പ്രദേശങ്ങളിൽ തടയണയ്ക്കായി പ്രൊപ്പോസൽ നൽകിയെങ്കിലും കടലാസിലൊതുങ്ങി.
പ്രയോജനങ്ങൾ
1. ജലവിതരണം തടസമില്ലാതെ നടത്താം
2. താത്കാലിക തടയണകൾ ഒഴിവാക്കാം
3. വേനലിലും കുടിവെള്ളക്ഷാമം പരിഹരിക്കാം