
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരിൽ കൊവിഡ് വ്യാപിക്കുന്നതിനാൽ ദിവസവും ജോലിക്കെത്തേണ്ടവരുടെ എണ്ണം 50 ശതമാനമായി കുറച്ചേക്കും. ഓരോ സെക്ഷൻ കേന്ദ്രീകരിച്ചായിരിക്കും ഈ ക്രമീകരണം. ധനകാര്യ വിഭാഗത്തിൽ ഇതു പ്രാവർത്തികമാക്കി അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഉത്തരവിറക്കി. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരിൽ പകുതിപ്പേർ ഊഴം അനുസരിച്ച് വീടുകളിലിരുന്ന് ജോലി ചെയ്താൽ മതി. സ്പെഷ്യൽ സെക്രട്ടറി, അഡിഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറിവരെള്ള ഉദ്യോഗസ്ഥർ എല്ലാ ദിവസവും ജോലിക്കെത്തണം. ധനകാര്യ വിഭാഗത്തിൽ 55 പേർക്കാണ് കൊവിഡ് ബാധിച്ചത്.
പൊതുഭരണവകുപ്പിൽ 15 പേർക്കാണ് രോഗബാധ. ഇതോടെ സെക്രട്ടേറിയറ്റിലെ കൊവിഡ് രോഗികളുടെ എണ്ണം 70 ആയി.
എസ്.സി എസ്.ടി വിഭാഗത്തിലെ അണ്ടർ സെക്രട്ടറിക്കും എൽ.എസ്.ജി.ഡി, കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളിലെ ജീവനക്കാർക്കും കൊവിഡ് ബാധിച്ചു. ഇന്നലെ ഡർബാർ ഹാളിൽ നടന്ന പരിശോധനയിലാണ് 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാ വിഭാഗത്തിലും അടുത്തടുത്താണ് ജീവനക്കാരുടെ ഇരിപ്പിടങ്ങൾ.
കൊവിഡ് വാക്സിൻ ഒന്നാംഘട്ടം തുടരും
തിരുവനന്തപുരം: ഒന്നാംഘട്ട കൊവിഡ് വാക്സിൻ വിതരണം ഇന്ന് അവസാനിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും അത് തുടരും. മുഴുവൻ ആരോഗ്യ പ്രവർത്തകരും വാക്സിൻ കുത്തിവച്ചില്ല എന്നാണ് കണക്ക്. മാത്രവുമല്ല, രണ്ടാംഘട്ടം തുടങ്ങുന്നതിന്റെ അറിയിപ്പ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടുമില്ല. സംസ്ഥാനത്ത് ഇന്നലെ 15,915 ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് വാക്സിൻ സ്വീകരിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
കൊവിഡ്: സ്കൂളുകളിൽ നിരീക്ഷണം ശക്തമാക്കി
തിരുവനന്തപുരം: മലപ്പുറത്തെ രണ്ട് സ്കൂളുകളിൽ കൊവിഡ് വ്യാപകമായതോടെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നിരീക്ഷണം ശക്തമാക്കി. ഡി.ഇ.ഒ മാരും റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരും സ്കൂളുകളിൽ പരിശോധന നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി.
സ്കൂളുകളോടു ചേർന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ അദ്ധ്യാപകർ നിരീക്ഷണം നടത്താനും വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണം ഊർജിതമാക്കാനും നിർദ്ദേശമുണ്ട്.
വിദ്യാർത്ഥികൾ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കാൻ ഹെഡ്മാസ്റ്റർമാർ പ്രത്യേകം ശ്രദ്ധിക്കണം. ഹെഡ്മാസ്റ്റർമാർ ദിവസേന സ്കൂളിലെ സ്ഥിതി സംബന്ധിച്ച് ഡി.ഡി.ഇക്ക് റിപ്പോർട്ട് നൽകണം. പൊന്നാനി താലൂക്കിൽ രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം 273 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്ത്, പ്ളസ് ടു ക്ളാസുകൾ മാത്രമാണ് സ്കൂളുകളിൽ നടക്കുന്നത്. കൊവിഡ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പല സ്കൂളുകളിലും കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
കൊവിഡ് രോഗികൾ ഇന്നലെ 3742
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3742 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂർ 288, പത്തനംതിട്ട 244, കണ്ണൂർ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസർകോട് 36. 47,927 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81. 16 മരണങ്ങളും സ്ഥിരീകരിച്ചു. 3379 പേർക്കാണ് സമ്പർക്ക രോഗബാധ. 264 പേരുടെ ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.