
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്ത് നിന്ന് വി. ഭാസ്കരൻ വിരമിക്കുന്ന ഒഴിവിലേക്ക് ഐ.എ.എസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അപ്രായോഗികമാണെന്ന വാദം തദ്ദേശഭരണ വകുപ്പിൽ ശക്തമാവുന്നു.
കോടതികൾക്ക് സമാനമായി തീർപ്പ് കല്പിക്കേണ്ട തർക്കങ്ങളാണ് തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുയരുന്നത് എന്നതിനാൽ, ജഡ്ജിമാരായിരുന്നവരെ പരിഗണിക്കുന്നതാണ് പ്രായോഗികം. മുൻ ചീഫ് സെക്രട്ടറിയും ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ സി.ഇ.ഒയുമായ ടോം ജോസ് അടക്കമുള്ളവരെ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള നീക്കത്തോടാണ് തദ്ദേശവകുപ്പിൽ നിന്നു തന്നെ എതിർപ്പുയരുന്നത്. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളുടെയും തർക്കങ്ങളുടെയും കുത്തൊഴുക്കാവും ഇനിയുള്ള മാസങ്ങളിൽ. അയോഗ്യത കല്പിക്കലടക്കമുള്ള തർക്കങ്ങൾക്ക് പരിഹാരം കാണണം. പരാതിക്കാരെയടക്കം വിസ്തരിക്കുന്ന ദീർഘമായ പ്രക്രിയകളിൽ അഭിഭാഷകരാവും വാദികൾക്കും പ്രതികൾക്കും വേണ്ടി ഹാജരാവുക. ഇത്തരം തർക്കപരിഹാരങ്ങളിൽ, ജഡ്ജിമാരായിരുന്നവരുടെ പ്രായോഗിക പരിജ്ഞാനം തുണയാവും.
ഐ.എ.എസ് ഉദ്യോഗസ്ഥനായി വിരമിച്ച കെ. കമാൽകുട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി പ്രവർത്തിച്ച കാലയളവിൽ, പരാതി പരിഹാരങ്ങളിൽ ഏറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജഡ്ജിമാരുടെ പ്രാവീണ്യം ഇത്തരം തീർപ്പുകല്പിക്കലുകളിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്നില്ല. ഉദ്യോഗസ്ഥ ഭരണ തലത്തിലെ പരിചയം മാത്രമാണവരുടെ കൈമുതൽ. കമാൽ കുട്ടിയുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പിന്നീടിങ്ങോട്ട്, ജില്ലാ ജഡ്ജിമാരായിരുന്ന കെ. ശശിധരൻ നായരെയും, വി. ഭാസ്കരനെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരായി നിയമിച്ചത്. ഭാസ്കരൻ വിരമിക്കുന്ന ഒഴിവിലേക്ക് സർക്കാർ തയ്യാറാക്കിയ സാദ്ധ്യതാ പട്ടികയിൽ ടോം ജോസും ഉൾപ്പെട്ടതാണ് പുതിയ ചർച്ചയ്ക്കിടയാക്കിയത്. ജില്ലാ ജഡ്ജി റാങ്കിലുള്ള നിയമ സെക്രട്ടറി അരവിന്ദ് ബാബു, ജില്ലാ ജഡ്ജി രാമബാബു എന്നിവരും സാദ്ധ്യതാ പട്ടികയിലുണ്ട്.