g

തിരുവനന്തപുരം: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ശംഖുംമുഖത്തിന്റെ മുഖം മിനുക്കൽ പുരോഗമിക്കുമ്പോഴും സായാഹ്നം ആസ്വദിക്കാനെത്തുന്നവർക്ക് മുന്നിൽ ബീച്ചിന്റെ വാതായനങ്ങൾ തുറക്കുന്നില്ല. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ 5 കോടി മുടക്കിയാണ് പദ്ധതികൾ പുരോഗമിക്കുന്നത്. കുറ്റാക്കൂരിരുട്ടിലും ദിവസേന നൂറുകണക്കിന് പേരാണ് ഇവിടെയെത്തുന്നത്. ഒന്നര മാസത്തിനകം സൗന്ദര്യവത്‌കരണം പൂർത്തിയാക്കി പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അടച്ചിട്ട പാർക്കിൽ രാവിലെ മുതൽ രാത്രി വൈകുവോളം സഞ്ചാരികളെത്തുന്നുണ്ട്. ഇവിടെ എത്തുന്നവർക്ക് പ്രാഥമിക സൗകര്യങ്ങൾ പോലും നിഷേധിക്കുന്നതായി പരാതിയുണ്ട്. പ്രശസ്‌തമായ സാഗരകന്യക ശില്പത്തിന് ചുറ്റുമാണ് സൗന്ദര്യവത്കരണം നടക്കുന്നത്. ബീച്ചിലേക്ക് ടൈൽ പാകിയ നടവഴി നിർമ്മിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ശില്പത്തിന് ചുറ്റുമായി ലാൻഡ് സ്കേപ്പിംഗ്, ബീച്ച് പരിസരം പ്രകാശപൂരിതമാക്കാൻ ആധുനിക ലൈറ്റിംഗ് സംവിധാനങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇവിടെയുണ്ടായിരുന്ന ലൈറ്റുകൾ തെളിയുന്നില്ലെന്നാണ് പരാതി. ആറാട്ട് മണ്ഡപത്തിന് മുന്നിൽ കോൺക്രീറ്റ് ചെയ്‌തതും വിവാദമായിരുന്നു.

പദ്ധതി തുക - 5 കോടി

ഹെലികോപ്ടറിന് പിന്നാലെ സാഗരകന്യകയെ

'കുഴിയിലാക്കി " ലാൻഡ് സ്കേപ്പിംഗ്

ലാൻഡ് സ്കേപ്പിംഗ് ചെയ്യാൻ സാഗരകന്യക ശില്പത്തിന് സമീപത്തായി ചെറുകുന്നുകൾ നിർമ്മിച്ചത് ശില്പത്തിന്റെ ശോഭ കെടുത്തുന്നതായി ആക്ഷേപം. ചെറുകുന്നുകൾ നിർമ്മിച്ചത് ശില്പം താഴ്ചയിലാണെന്ന പ്രതീതിയുണ്ടാക്കും. ബീച്ചിൽ നിന്ന് നോക്കുമ്പോൾ ശില്പത്തിന്റെ കാഴ്ച മറയുന്നതായാണ് പരാതി. ശില്പത്തിന്റെ സൗന്ദര്യം കെടുത്തുന്ന വിധത്തിൽ സമീപത്ത് സ്ഥാപിച്ച ഹെലികോപ്ടർ മാറ്റാമെന്ന അധികൃതരുടെ ഉറപ്പും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. സാഗരകന്യക ശില്പത്തിന് സമീപത്തായി നിർമ്മിച്ചിരുന്ന മറ്റൊരു ശില്പവും ഇപ്പോൾ കാണാൻ കഴിയാത്ത നിലയിലാണ്.


ചാച്ചാ നെഹ്‌റുപാർക്ക്

ഉദ്‌ഘാടനം ഇന്ന്


ശംഖുംമുഖത്തെ ചാച്ചാ നെഹ്‌റു ട്രാഫിക് ട്രെയിനിംഗ് പാർക്കിന് ഒടുവിൽ ശാപമോക്ഷം. ടൂറിസം വകുപ്പിന് കീഴിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുൻകൈയെടുത്ത് 4.99 കോടി ചെലവിട്ട് നവീകരിച്ച പാർക്ക് ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുനൽകും. കുട്ടികൾക്ക് അറിവും വിനോദവും പകർന്ന് നൽകുന്ന സിഗ്നൽ സംവിധാനങ്ങളുൾപ്പെടെയുള്ള സൈക്കിൾ ട്രാക്കുകളാണ് പാർക്കിന്റെ പ്രധാന ആകർഷണം. നവീകരണം പൂർത്തിയാക്കിയ പാർക്കിൽ പഴയ സൈക്കിൾ ട്രാക്ക് പുനഃസ്ഥാപിച്ചിട്ടുണ്ട്. സൈക്കിൾ ട്രാക്കിന് പുറമെ സിന്തറ്റിക് ട്രാക്കുമുണ്ട്. കൃത്രിമ വെള്ളച്ചാട്ടവും തടാകവും ഐസ്ക്രീം പാർലർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.