
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഈരാറ്റിൻപുറം ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു. നടപ്പാത നിർമ്മിച്ച് പദ്ധതി പ്രദേശം ജനങ്ങൾക്ക് തുറന്ന് കൊടുക്കാനാണ് നഗരസഭ തയ്യാറെടുക്കുന്നത്. പ്രകൃതി രമണീയത നിറഞ്ഞ ദ്വീപ് പോലെയുള്ള നദീതട പ്രദേശമാണ് ഈരാറ്റിൻപുറം.
നദികൾ പാറക്കെട്ടുകൾക്കിടയിലൂടെ രണ്ടായി വേർതിരിഞ്ഞ് ഒഴുകുന്നതാണ് ഈ പ്രദേശത്തെ കൂടുതൽ മനോഹരമാക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്ന കാണികൾ വീണ്ടും വീണ്ടും ഇവിടെ എത്തിചേരാൻ താത്പര്യപ്പെടാറുമുണ്ട്. സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതിനെ തുടർന്നാണ് വർഷങ്ങൾക്ക് മുൻപ് നഗരസഭ ഇവിടെ ടൂറിസം പദ്ധതി നടപ്പിലാക്കാൻ താത്പര്യമെടുത്തത്. എന്നാൽ ചിലർ ഉയർത്തിയ പരാതികൾ പദ്ധതി അനന്തമായി നീളാൻ കാരണമായി.
ചുറ്രും തല ഉയർത്തി നിൽക്കുന്ന മലനിരകളും പാറക്കെട്ടുകളുമാണ് ഇവിടത്തെ മനോഹാരിത വർദ്ധിപ്പിക്കുന്നത്. നദി ഒഴുകിയെത്തുന്നിടത്തുള്ള പാറക്കെട്ടുകൾക്കിടയിലെ വെള്ളചാട്ടവും ഈ സ്വപ്ന പദ്ധതിക്ക് മാറ്റ് കൂട്ടുകയാണ്.
2010 ലെ നഗരസഭയുടെ ഭരണ കാലയളവിലാണ് ടൂറിസം പദ്ധതിക്ക് ഊർജ്ജം പകരുന്ന പ്രവർത്തനങ്ങൾ നടന്നത്. അന്ന് പുറംപോക്ക് സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിനെ സംരക്ഷിച്ചു നിറുത്താനുള്ള നടപടികളും ഉണ്ടായി. ആ കാലയളവിൽ തന്നെ റോഡ് ഗതാഗത യോഗ്യമാക്കി. അതിന് ശേഷം ലോക ഭൂപടത്തിൽ ഇതിനെ ഉൾപ്പെടുത്തി.