
തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ പി.എസ്.സി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് രണ്ട് ഉദ്യോഗാർത്ഥികൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പൊലീസ് ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിൽ വയനാട് സ്വദേശി റിജു, തിരുവനന്തപുരം സ്വദേശി പ്രവീൺകുമാർ എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ജനുവരി 26 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിനിടെ ഇന്നലെ ഉച്ചയ്‌ക്കാണ് നാടകീയ സംഭവങ്ങളുണ്ടായത്. വിവിധ ജില്ലകളിലെ ഉദ്യോഗാർത്ഥികൾ സമരത്തിനെത്തിയിരുന്നു. 14-ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്‌ത വി.എസ്. ശിവകുമാർ എം.എൽ.എ വേദി വിട്ടതിന് പിന്നാലെയാണ് റിജുവും പ്രവീൺകുമാറും ചെറിയ കന്നാസുകളിൽ കരുതിയിരുന്ന മണ്ണെണ്ണ തലയിലൂടെ ഒഴിച്ചത്. പൊലീസെത്തി കന്നാസുകൾ ഉടൻ പിടിച്ചുവാങ്ങി. എന്നാൽ മറ്റ് ഉദ്യോഗാർത്ഥികൾ ഇരുവർക്കും ചുറ്റും നിലയുറപ്പിച്ചതോടെ പൊലീസ് കുഴങ്ങി. തുടർന്ന് സമരക്കാർക്കിടയിൽ ഇവർക്ക് മാത്രമായി പ്രത്യേക സുരക്ഷ വലയമൊരുക്കി.
തിരക്കേറിയ സെക്രട്ടറിയേറ്റ് റോഡിൽ മണ്ണെണ്ണ പടർന്നതും ആശങ്കയ്‌ക്കിടയാക്കി. അഗ്നിരക്ഷാസേനയെത്തി റോഡിലും സമരക്കാരിരുന്ന ഭാഗവും വെള്ളമൊഴിച്ച് വൃത്തിയാക്കി. തുടർന്ന് റിജുവിനെയും പ്രവീൺകുമാറിനെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ സമരക്കാരെ ഒഴിപ്പിക്കാനുള്ള പൊലീസ് ശ്രമം പ്രതിഷേധത്തിനിടയാക്കി. സമരക്കാരെ അഭിസംബോദന ചെയ്യാനെത്തിയ പി.സി. വിഷ്ണുനാഥും മുൻ മന്ത്രി ബാബു ദിവാകരനും ഇടപെട്ടാണ് പൊലീസിനെ പിന്തിരിപ്പിച്ചത്.
ലയയുടെ കണ്ണീർ സമൂഹം ഏറ്റെടുത്തു
സമരത്തിനെത്തിയ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡറായ തൃശൂർ സ്വദേശിനി ലയ രാജേഷ് മാദ്ധ്യമങ്ങളോട് സംസാരിച്ച ശേഷം മാറി നിന്ന് പൊട്ടിക്കരയുന്ന ചിത്രം കേരളമനസാകെ ഏറ്റെടുത്തി. സമൂഹമാദ്ധ്യമങ്ങളിലും ചിത്രം ചർച്ചയായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. ശബരീനാഥൻ എം.എൽ.എതുടങ്ങിയ കോൺഗ്രസ് നേതാക്കളും ചിത്രം
'കേരള യുവയുടെ കണ്ണുനീർ"
എന്ന അടിക്കുറിപ്പോടെ സമൂഹമാദ്ധ്യമങ്ങളിൽപങ്ക് വച്ചു. തങ്ങൾക്ക് ഈ ജോലിയാണ് സ്വപ്നമെന്നും ജീവിക്കാനുള്ള ഉപാധിയാണെന്നും പൊട്ടിക്കരഞ്ഞാണ് ലയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.