
തിരുവനന്തപുരം: ശബരിമലയെ കേന്ദ്രീകരിച്ചുള്ള വിശ്വാസത്തിന്റെ വൈകാരികതലവും നിയമന വിവാദവും ആയുധമാക്കി യു.ഡി.എഫ് രംഗത്തിറങ്ങിയതോടെ, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കത്തിലേ ചൂടുപിടിച്ചു.പിൻവാതിൽ നിയമന വിവാദത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. ലാസ്റ്റ്ഗ്രേഡ് സർവന്റ് റാങ്ക്പട്ടിക നീട്ടണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരരംഗത്തുള്ളവർ ഇന്നലെ ആത്മാഹുതി ഭീഷണി മുഴക്കി. താത്കാലിക, കരാർ ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നുവെന്ന ആക്ഷേപം യു.ഡി.എഫും അവരുടെ വിദ്യാർത്ഥി, യുവജനസംഘടനകളും ശക്തമാക്കുകയാണ്. അഞ്ച് വർഷത്തിനിടയിൽ മൂന്ന് ലക്ഷം പേരെ സ്ഥിരപ്പെടുത്തിയെന്ന് ആരോപിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ അനധികൃത നിയമനങ്ങൾ തടയാൻ നിയമനിർമ്മാണം നടത്തുമെന്നും പ്രഖ്യാപിച്ചു. യുവജനതയെ ആകർഷിക്കാൻ പോന്ന മികച്ച ഉപാധിയായി തൊഴിലില്ലായ്മാ പ്രശ്നത്തെ യു.ഡി.എഫ് നോക്കിക്കാണുമ്പോൾ, പാർട്ടി നേതാക്കളുടെ ബന്ധുക്കളുടെ നിയമനങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങളും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു.
വിമർശനങ്ങളെ പ്രതിരോധിക്കാൻ, അഞ്ച് വർഷത്തിനിടെ നടത്തിയ നിയമനങ്ങളുടെ പട്ടികയും, ഏറ്റവുമധികം പേരെ ബാധിക്കുന്ന എൽ.ഡി ക്ലാർക്ക് റാങ്ക് പട്ടികയുടെയും മറ്റും കാലാവധി ആറ് മാസത്തേക്ക് നീട്ടിയതുമാണ് സി.പി.എമ്മും സർക്കാരും എടുത്തുകാട്ടുന്നത്. ഐ.ടി മേഖലയിലടക്കം, പി.എസ്.സി വഴിയല്ലാതെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നടത്തിയ ഇടപെടലുകളും വിവരിക്കുന്നു. ഈ സർക്കാർ 1,55,544 പേർക്ക് പി.എസ്.സി വഴി നിയമനമോ, നിയമന ശുപാർശയോ നൽകിയപ്പോൾ, മുൻസർക്കാരിന്റെ കാലത്ത് അത് 1,50,355 പേർക്കാണെന്നാണ് സർക്കാർ കണക്ക്. മുൻ ഭരണകാലത്ത് 3113 റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചപ്പോൾ, ഈ സർക്കാരിന്റെ കാലത്ത് പ്രസിദ്ധീകരിച്ചത് 4012 റാങ്ക് പട്ടികകൾ. അതേസമയം സർക്കാരിന്റെ അവകാശവാദം പൊതുസമൂഹത്തിൽ എത്രത്തോളം സ്വീകരിക്കപ്പെടുമെന്ന ആശങ്ക സി.പി.എമ്മിനെ അലട്ടുന്നു. പത്ത് വർഷമായി കരാർ പണിയെടുക്കുന്നവരെ സ്ഥിരപ്പെടുത്തുന്നത് മാനുഷിക പരിഗണനയാലാണെന്ന വാദത്തെ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോൾ പ്രത്യേകിച്ചും.
ശബരിമലയിൽ ആചാര സംരക്ഷണമുറപ്പാക്കുന്ന കരട് ബിൽ പുറത്തിറക്കിയ യു.ഡി.എഫ്, തെക്കൻ-മദ്ധ്യ തിരുവിതാംകൂറിൽ തിരിച്ചുവരാൻ തീവ്ര ഹിന്ദുത്വ വാദം വേണമെന്ന് ചിന്തിക്കുന്നു. സുപ്രീംകോടതിക്ക് മുന്നിലിരിക്കുന്ന വിഷയമുയർത്തുന്നത് അനാവശ്യമാണെന്ന് തുടക്കത്തിൽ പറഞ്ഞ സി.പി.എം, ആക്രമണം കനത്തപ്പോൾ മറുപടി നൽകാൻ നിർബന്ധിതമായി. കോടതി തീർപ്പാക്കിക്കഴിഞ്ഞാൽ എല്ലാവരുമായും ചർച്ച നടത്തി സമവായത്തിലെത്താമെന്ന അയവാർന്ന സമീപനത്തിലാണിപ്പോൾ പാർട്ടി. ബി.ജെ.പിയാകട്ടെ, അധികാരത്തിലേറിയാൽ ദേവസ്വംബോർഡുകൾ പിരിച്ചുവിട്ട് വിശ്വാസികളെ ക്ഷേത്ര ഭരണമേല്പിക്കുമെന്ന് പ്രഖ്യാപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ ദുരനുഭവം ഉൾക്കൊണ്ട് വിശ്വാസികളെ കൂടെ നിറുത്താനുള്ള ശ്രമത്തിലാണ് ഇടതു മുന്നണി. ജന്മിത്വവ്യവസ്ഥിതി നിലനിൽക്കുന്ന ഇന്ത്യൻ സമൂഹത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രാവർത്തികമാക്കുന്നതിന്റെ പ്രായോഗികബുദ്ധിമുട്ടുകൾ വിവരിച്ച സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്റെ ലക്ഷ്യവും, വിശ്വാസികളെയും ഉൾക്കൊണ്ടേ മുന്നോട്ട് പോകാനാവൂവെന്ന ബോദ്ധ്യപ്പെടുത്തലാണ്.