
തിരുവനന്തപുരം: ഐ.എ.എസ് ലഭിക്കാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ തലശേരി മുൻ സബ് കളക്ടർ ആസിഫ് കെ.യൂസഫിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനാവില്ലെന്ന് ചീഫ് സെക്രട്ടറി. പ്രൊബേഷണറി ഓഫീസറായതിനാൽ പ്രൊബേഷൻ റൂൾ അനുസരിച്ച് നടപടിയെടുക്കാൻ കേന്ദ്രത്തിനാണ് അധികാരം. ഇതുസംബന്ധിച്ച് കേന്ദ്ര പേഴ്സണൽ മന്ത്റാലയത്തിന് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകി. ആസിഫ് കെ.യൂസഫിനെതിരെ ഉയർന്ന ആരോപണങ്ങൾ ശരിയാണെന്നു കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നേരത്തേ റിപ്പോർട്ടു നൽകിയിരുന്നു. പിന്നാലെ നടപടി സ്വീകരിക്കാൻ പേഴ്സണൽ മന്ത്റാലയം ചീഫ് സെക്രട്ടറിയോടു നിർദേശിച്ചു. ആൾ ഇന്ത്യ സർവീസ് പ്രൊബേഷൻ നിയമത്തിലെ ചട്ടം 12 അനുസരിച്ചു നടപടിയെടുക്കാനാണു കേന്ദ്രം നിർദേശിച്ചത്. ഇതിനുള്ള മറുപടിയാണ് ഇപ്പോൾ കൈമാറിയത്. പരീക്ഷ എഴുതുന്നതിനു തൊട്ടു മുൻപുള്ള മൂന്നു സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും വർഷം കുടുംബത്തിന്റെ വാർഷികവരുമാനം ആറു ലക്ഷത്തിൽ താഴെയാകണമെന്നാണ് ഒ.ബി.സി സംവരണത്തിനുള്ള മാനദണ്ഡം. എന്നാൽ, മൂന്നു വർഷവും ആസിഫിന്റെ കുടുംബത്തിന്റെ വാർഷികവരുമാനം ആറു ലക്ഷത്തിൽ കൂടുതലായിരുന്നെന്നാണ് എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.