photo

പാലോട്: ഞാറ്റടികൾ ഇല്ലാതാവുകയും പാതയോര കൃഷിയിടങ്ങൾ ഇല്ലാതാകുകയും ചെയ്‌ത പാലോട്ട്, കാർഷിക വൃത്തിയുടെ ഗൃഹാതുര സ്മരണകളുണർത്തി 58 -മത് കാർഷിക കലാമേളയ്ക്കും കന്നുകാലിച്ചന്തയ്ക്കും തിരിതെളിഞ്ഞു. കുടിമാടുകൾ, പാണ്ടിമാടുകൾ, കിഴക്കൻ മാടുകൾ, ബെല്ലാരി പോത്തുകുട്ടികൾ മുതലായവ വില്പനയ്ക്കെത്തി. 10 ദിവസങ്ങളിലായി നടത്തപ്പെട്ടിരുന്ന മേള ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരാഴ്ചയായി ചുരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി ഓൺലൈനിൽ ചിത്രരചന, കഥ പറയൽ മത്സരങ്ങളും ഫുട്ബാൾ മത്സരവും വെബിനാറുകളും ഇക്കുറി പ്രത്യേകതയാണ്. കാർണിവലും വ്യാപാര സ്റ്റാളുകളും സമ്മേളനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ക്ഷീരമേഖലയ്ക്ക് മുൻഗണന നൽകിയാണ് 58 -മത് മേള അരങ്ങേറുന്നത്.

പഴമക്കാരുടെ കാളച്ചന്ത

വാങ്ങുന്നവനും വിൽക്കുന്നവനും കൈകൾ ചേർത്തു പിടിച്ച് മുകളിൽ തൂവാല മൂടി വിരലുകൾ കൊണ്ട് വിലപേശും. ഇടനിലക്കാർ കാഴ്ചക്കാരായി മാറും. കച്ചവടം ഉറപ്പിച്ചു കഴിഞ്ഞാൽ ഒരുമിച്ച് ഭക്ഷണം കഴിച്ച് കലാപരിപാടികൾ ആസ്വദിച്ച് മടക്കം. വിരലുകളിലൂടെ 'വിലയറിഞ്ഞ്' ഉഴവുമാടുകളെ കൈമാറ്റം ചെയ്യുന്ന പാലോട് കാളച്ചന്തയിലെ പഴയ കൈമാറ്റരീതി ഏറെ പ്രസിദ്ധമാണ്. കൃഷിയിടത്തിൽ വിളയുന്ന ഒരുല്പന്നം ചന്തയിൽ കൊണ്ടുവരും. ആവശ്യക്കാർ അവ പരസ്പരം വച്ച് മാറും. നിലമുഴാനും മരമടിക്കാനും ലക്ഷണമൊത്ത ഉരുക്കൾ തേടി പാണ്ടിനാട്ടിൽ നിന്നും കൊല്ലത്ത് നിന്നും ധാരാളം പേരാണ് ചന്തയിലെത്തിയിരുന്നത്. മകരത്തിൽ കൊയ്തൊഴിഞ്ഞ പാടശേഖരമായിരുന്നു കാളച്ചന്തയ്ക്ക് വേദിയായിരുന്നത്. കലാമേളയും വിനോദസഞ്ചാര വാരാഘോഷവും വന്നതോടെ ചന്തയുടെ പേര് മേളയെന്നായി മാറി. ക്ഷീരകർഷകർക്ക് നല്ലയിനം പശുക്കളെയും ആടുമാടുകളെയും വാങ്ങാൻ ജില്ലയിൽ അവശേഷിക്കുന്ന ഏക കാളച്ചന്തയാണ് പാലോട്ടേത്.1963 ൽ ഒരുകൂട്ടം കർഷകർ തുടങ്ങിവച്ച മേള ഇതേവരെ മുടങ്ങിയിട്ടില്ല.