
വിതുര: പഞ്ചായത്തിലെ തേവിയോട്, മണിതൂക്കി വാർഡുകളിലെ ജനങ്ങൾ രാവും പകലും കതകും ജനാലകളും അടച്ച് വീട്ടിനുള്ളിൽ കഴിയേണ്ട അവസ്ഥയിലാണ്. കാരണം പുറത്തിറങ്ങിയാൽ ആക്രമണം എതുരീതിയിൽ ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. അത്രയും അക്രമങ്ങളാണ് ഇവിടുത്തെ കുരങ്ങന്മാർ നടത്തിക്കൂട്ടുന്നത്. തേവിയോട്, മാതളം, മൂന്നാംനമ്പർ, മണിതൂക്കി, ഗണപതിപാറ, മിടാലം പ്രദേശങ്ങളിലാണ് വാനരപ്പട ഭീതിയും, നാശവും പരത്തി വിഹരിക്കുന്നത്. പ്രദേശത്തെ റബർ തോട്ടത്തിൽ തമ്പടിച്ചിരിക്കുന്ന ഇരുപതോളം വരുന്ന കുരങ്ങന്മാരെ പേടിച്ചാണ് ടാപ്പിംഗ് തൊഴിലാളികൾ റബർവെട്ടാൻ പോകുന്നതുതന്നെ. കഴിഞ്ഞ ഒരു മാസമായി അതുതന്നെയാണ് ഇവിടുത്തെ അവസ്ഥ. സ്ത്രീകളും കുട്ടികളും തുടങ്ങി പ്രദേശത്തെ ഒട്ടുമിക്കപ്പേരും കുരങ്ങന്മാരുടെ ആക്രമണത്തിന് ഇരയായി. എന്നാൽ വാനരശല്യം രൂക്ഷമായെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തിലും വനം വകുപ്പിലും പരാതി നൽകിയിട്ടും നടപടിസ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കാട്ടിൽ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിട്ടതോടെ ഇവ കൂട്ടമായി കാടിറങ്ങിയതാകാമെന്നാണ് നിഗമനം. എന്നാൽ രാത്രികാലങ്ങളിൽ കല്ലാറിലും മറ്റും കുരങ്ങന്മാരെ കൂട്ടമായി ഉപേക്ഷിക്കുന്നത് പതിവായി വരികയാണ്. ഇവിടെയും രാത്രയിൽ ഉപേക്ഷിച്ച കുരങ്ങന്മാരാണ് ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. എന്നാൽ ഇതാരാണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് ആർക്കും അറിയില്ലെന്നും നാട്ടുകാർ പറയുന്നു. ഉപേക്ഷിക്കപ്പെടുന്ന കുരങ്ങന്മാർ ഭക്ഷണത്തിനും മറ്റുമായി വീടുകലിൽ അതിക്രമിച്ച് കയറും.
വാനരശല്യം ഇവിടെ
തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്, ആനപ്പെട്ടി, പൊൻപാറ, മേമല, പേരയത്തുപാറ മേഖലകൾ
ആനപ്പാറ, മരുതാമല, മക്കി, ചായം, കൈതക്കുഴി, ചാരുപാറ, തോട്ടുമുക്ക്, ആനപ്പെട്ടി, പരപ്പാറ, പുളിച്ചാമല മേഖലകൾ
കാർഷിക വിളകളും വീടുകളും നശിപ്പിക്കുന്നത് ഇവയുടെ വിനോദമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഈ വിധത്തിൽ പ്രദേശത്ത് ഉണ്ടായത്. വാനരശല്യം നിമിത്തം കൃഷി നടത്തുവാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ.
വിളയാടി വാനരപ്പട
ഇവർ നാട്ടിൽ നടത്തിക്കൂട്ടുന്ന വിക്രീയകൾ ചെറുതല്ല. കാർഷിക വിളകൾ മുഴുവൻ തിന്ന് തീർക്കും ബാക്കിയുള്ളവ നശിപ്പിച്ചുകളയും. വീടുകളിൽ അതിക്രമിച്ച് കയറി ഭക്ഷണസാധനങ്ങൾ മോഷ്ടിക്കും. വസ്ത്രങ്ങൾ വലിച്ചുകീറും. വാട്ടർടാങ്കിലും മറ്രും സംഭരിച്ചുവച്ചിരിക്കുന്ന വെള്ളം മലിനമാക്കും. ജലക്ഷാമം നേരിടുന്ന ഈ സാഹചര്യത്തിൽ ഏറെ കഷ്ടപ്പെട്ടാണ് വെള്ളം സംഭരിക്കുന്നത്. പ്രദശത്തെ തെങ്ങുകളിലെ കരിക്കിൻ കുലകൾ മുഴുവൻ അടർത്തിയിട്ട് നശിപ്പിച്ചു. എന്നാൽ ഇവയെ പേടിപ്പിച്ച് ആട്ടിപ്പായിക്കാമെന്ന് കരുതിയാൽ ആക്രമണം ഉറപ്പ്.
വിതുര പഞ്ചായത്തിലെ തേവിയോട്, മാതളം, മൂന്നാംനമ്പർ, മണിതൂക്കി മേഖലയിൽ വർദ്ധിച്ചുവരുന്ന വാനരശല്യത്തിന് പരിഹാരം കാണണം. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
മണിതൂക്കി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ