തിരുവനന്തപുരം: പള്ളിക്കൽ - തിരുവനന്തപുരം റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസിലെ യാത്രക്കാരനും എൽ.ഐ.സി ജീവനക്കാരനുമായ കിളിമാനൂർ തകരപ്പറമ്പ് സ്വദേശി ഹരീഷ്, ജീവിത യാത്രയ്‌ക്ക് ഡബിൾ ബെല്ല് നൽകിയപ്പോൾ സഹയാത്രികർ ഒരുകാര്യം തീരുമാനിച്ചു, വിവാഹ ആഘോഷത്തിൽ പങ്കുചേരുന്നത് ബസിൽ തന്നെയാകുമെന്ന്. കൊവിഡിനിടയിൽ സർക്കാർ ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സി ആരംഭിച്ച ബോണ്ട് സർവീസിലൂടെ പരിചയപ്പെട്ടവരായതിനാൽ എല്ലാവർക്കും സമ്മതം. വിവാഹ ദിവസമായ കഴിഞ്ഞ വെള്ളിയാഴ്ച ബോണ്ട് സർവീസിന്റെ വൈകിട്ടത്തെ മടക്കയാത്രയിലായിരുന്നു സ്വീകരണമൊരുക്കിയത്. 50 യാത്രക്കാരുള്ള ബസ് ഹരീഷിന്റെ വീടിനടുത്തുള്ള ജംഗ്ഷനിൽ നിറുത്തി. അലങ്കരിച്ച ബസിലേക്ക് ഹരീഷും നവവധു നഗരൂർ സ്വദേശി ആദ്ര വേണുവും കയറി. പിന്നാലെ യാത്രക്കാർ ഒരോരുത്തരും ആശംസകളുമായെത്തി. ബോണ്ട് സർവീസ് യാത്രക്കാരുടെ ഉപഹാരം ഇവർക്ക് സമ്മാനിച്ചു. കേക്ക് മുറിച്ച് സന്തോഷത്തിൽ എല്ലാവരും പങ്കുചേർന്നു. നവ വരനെയും വധുവിനെയും വീട്ടിലെത്തിച്ച ശേഷം ഗ്രൂപ്പ് ഫോട്ടോയുമെടുത്താണ് എല്ലാവരും മടങ്ങിയത്. പല സർക്കാർ ഓഫീസുകളിലായി ജോലിചെയ്‌തിരുന്നവരും പരിചയമില്ലാതിരുന്നവരും ബോണ്ട് സർവീസിലൂടെയാണ് സൗഹൃദത്തിലായത്. വിവിധ ആഘോഷങ്ങൾ ഇതുപോലെ ബസിൽ നടത്താറുണ്ടെന്ന് യാത്രക്കാരിയും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുമായ റീജ പറഞ്ഞു.
