pvl

കാട്ടാക്കട : പൂവച്ചൽ കാപ്പിക്കാട് ഇറയംകോട് തടത്തരികത്തുവീട്ടിൽ ഷാഹുൽഹമീദിന്റെയും ഭാര്യ സുബൈദാ ബീവിയുടെയും കഴിഞ്ഞ എട്ട് വർഷത്തെ നെട്ടോട്ടത്തിന് സർക്കാരിന്റെ സാന്ത്വന സ്‌പർശം അദാലത്തിലൂടെ അവസാനം. വെള്ള കളർ റേഷൻ കാർഡിന് പകരം മുൻഗണനാവിഭാഗത്തിലുള്ള കാർ‌ഡ് ലഭിക്കാൻ കയറിയിറങ്ങാത്ത ഓഫീസുകളില്ല. മന്ത്രി മേഴ്സിക്കുട്ടിയമ്മ ബി.പി.എൽ റേഷൻ കാർഡ് കൈമാറിയപ്പോൾ ദമ്പതികളുടെ കണ്ണു നിറഞ്ഞു.

കഴിഞ്ഞ 10 വർഷക്കാലത്തിലേറെയായി ഈ വൃദ്ധ ദമ്പതികൾക്ക് ദുരിതകാലമാണ്. കൂലിപ്പണിയും ടാപ്പിംഗ് തൊഴിലുമായി കഴിഞ്ഞിരുന്ന ഷാഹുൽ ഹമീദ് വീണ് കൈയും കാലും പൊട്ടി കിടപ്പിയി. ഭാര്യ ബസിറങ്ങുന്നതിനിടയിൽ വീണ് നട്ടെല്ല് പൊട്ടി. ഇവരും ദീർഘകാലമായി ചികിത്സയിലാണ്.

കൂലിപ്പണിയാണ് ഉപജീവനമെങ്കിലും റേഷൻ കാർഡ് വെള്ളയായതിനാൽ മെഡിക്കൽ കോളേജിലെ എല്ലാ ചികിത്സാ ആനുകൂല്യങ്ങളും നഷ്ടമായി. നല്ലൊരു തുക ചികിത്സയ്ക്കായി വേണ്ടി വന്നു. ഇതോടെയാണ് ദമ്പതികൾ റേഷൻ കാർഡ്തരം മാറ്റണമെന്ന ആവശ്യവുമായി ഓഫീസുകൾ കയറി ഇറങ്ങാൻ തുടങ്ങിയത്.

കഴിഞ്ഞ എട്ട് വർഷമായി എല്ലാ പരാതി പരിഹാര അദാലത്തുകളിലും സിവിൽ സപ്ലൈസ് ഓഫീസുകളിലുമായി നിവേദനങ്ങളുമായി എത്താറുണ്ട്. ശാരീകിക അവശതയുള്ളതിനാൽ പരസഹായമുണ്ടെങ്കിലേ ഇവരുവർക്കും വീടിന് പുറത്തേക്ക് പോകാൻ കഴിയൂ. ഇന്നലെ നെയ്യാറ്റിൽകരയിൽ ബുദ്ധിമുട്ടി എത്തിയപ്പോഴും മന്ത്രിമാർ ഇരുന്ന വേദിയിലേക്ക് ഉദ്യോഗസ്ഥരാണ് ഇവരെ എത്തിച്ചത്.