
ആറ്റിങ്ങൽ: ടൂറിസം വികസനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ നിർമ്മിച്ച കുട്ടികളുടെ പാർക്ക് തുരുമ്പെടുത്തു തുടങ്ങി. ലക്ഷങ്ങൾ മുടക്കി ഒന്നര വർഷം മുൻപ് നവീകരിച്ച പാർക്കാണ് ഇന്ന് ഉപയോഗയോഗ്യമല്ലാതെ കിടക്കുന്നത്.
കൊവിഡ് ഭീഷണിയെത്തുടർന്ന് അടച്ചിടൽ പ്രഖ്യാപിച്ചതോടെയാണ് പാർക്കിന് വീണ്ടും ശനിദശ ആരംഭിച്ചത്. പാർക്ക് തുറക്കാതായതോടെ കുട്ടികളുടെ കളിക്കോപ്പുകൾ പലതും തുരുമ്പിച്ചു തുടങ്ങി. കാടുകയറി പാർക്ക് പാമ്പുകളുടെ സങ്കേതമായി. തിയേറ്റർ വരെ തുറന്ന സാഹചര്യത്തിൽ പാർക്ക് തുറന്നു പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നതിൽ വ്യക്തതയില്ലാത്തതാണ് ഇതിന് വിനയാകുന്നത്.
കൊല്ലമ്പുഴയിൽ ആറ്റിങ്ങൽ കൊട്ടാരത്തിനും വാമനപുരം നദിക്കും ഇടയിലെ സ്ഥലത്താണ് കുട്ടികളുടെ പാർക്ക്. ചരിത്ര പ്രാധാന്യമുള്ള നദീ തിരമെന്നതിനാലാണ് ഇവിടെ പാർക്ക് നിർമ്മിച്ചത്. ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട സ്ഥലമാണിത്.
പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ ഏഴ് വരെയും അവധി ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ രാത്രി എട്ടുവരെയുമാണ് പാർക്ക് പ്രവർത്തിച്ചിരുന്നത്. 14 വയസ് വരെയുള്ള കുട്ടികൾക്ക് മാത്രമേ പാർക്കിലെ കളിക്കോപ്പുകൾ ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളു. മുതിർന്ന കുട്ടികൾക്കായി ചെസ്, കാരംസ്, റിംഗ്ബോൾ എന്നീ വിനോദോപാധികളും ആറ്റിങ്ങലിന്റെ ചരിത്രം വിശദമാക്കുന്ന ചിത്രശാലാ മ്യൂസിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ 28.5 ലക്ഷം രൂപ മുടക്കി പാർക്ക് നവീകരിച്ച് ഉടമസ്ഥാവകാശം ആറ്റിങ്ങൽ നഗരസഭയ്ക്ക് കൈമാറിയിരുന്നു. നവീകരിച്ച പാർക്ക് 2019 സെപ്തംബറിൽ ഉദ്ഘാടനം ചെയ്തെങ്കിലും ആറുമാസത്തിനുള്ളിൽ താഴ് വീണു. ഇവിടെ ജനകീയ ഹോട്ടൽ തുടങ്ങാൻ പദ്ധതി ഇട്ടതാണ്. എന്നാൽ എന്തുകൊണ്ടോ അതിന്റെ പ്രാരംഭ പ്രവർത്തനംപോലും നടന്നില്ല. ഇവിടത്തെ മ്യൂസിയത്തിന്റെ പ്രധാന കവാടം ചിതലെടുത്ത് തുടങ്ങിയിരിക്കുകയാണ്.
പാർക്ക് സ്ഥാപിച്ചത്
വിനോദസഞ്ചാരവകുപ്പാണ് കൊല്ലമ്പുഴയിൽ വർഷങ്ങൾക്കുമുൻപ് കുട്ടികൾക്കുവേണ്ടി പാർക്കും ബോട്ട് ക്ലബും സ്ഥാപിച്ചത്. കഠിനംകുളം കായലോര ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഏറെ പ്രതീക്ഷയോടെ പാർക്ക് തുറന്നത്. ഇവിടെ പാർക്കിനോട് ചേർന്ന് ഫ്ലോട്ടിംഗ് ബോട്ട്ജെട്ടിയും സ്ഥാപിച്ചിരുന്നു. എന്നാൽ ഇവിടേയ്ക്ക് ബോട്ട് കൊണ്ടുവരാൻ കഴിഞ്ഞില്ല. ബോട്ട് ജെട്ടി വെള്ളം കയറി നശിച്ചു.
ഇപ്പോൾ ഇവിടത്തെ അവസ്ഥ
1. ആധുനിക കളിക്കോപ്പുകൾ ഉപയോഗിക്കാതെ തുരുമ്പിച്ചു തുടങ്ങി
2. ആറ്റിങ്ങൽ ചരിത്രം പറയുന്ന ചിത്ര മ്യൂസിയം വലകെട്ടി വികൃതമായി
3. ലഘു ഭക്ഷണശാല സ്ഥാപിക്കാനും വിശ്രമിക്കാനും ഒരുക്കിയ കെട്ടിടത്തിൽ കാട്ടുവള്ളികൾ പടർന്നു കയറിക്കഴിഞ്ഞു
4. പാർക്കിന്റെ പ്രവേശന കവാടം ചിതലരിച്ചു തുടങ്ങി
5. പാർക്ക് പുനർനിർമ്മിക്കാൻ വിനോദസഞ്ചാരവകുപ്പ് ചെലവിട്ടത്: 28.5ലക്ഷം രൂപ
കൊവിഡ് കാലത്ത് നഗരസഭ ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല. ഇടയ്ക്കിടെ കാടു തെളിക്കുകയും കളിക്കോപ്പുകൾ പരിപാലിക്കുകയും ചെയ്തിരുന്നെങ്കിൽ അവ നശിക്കില്ലായിരുന്നു. പാർക്ക് നശിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ നഗരസഭ തയ്യാറാകണം.
വിനയകുമാർ, സാമൂഹ്യ പ്രവർത്തകൻ