തിരുവനന്തപുരം : പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും അതിവേഗത്തിൽ തീർപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സാന്ത്വന സ്‌പർശം ജില്ലാതല അദാലത്തിന് നെയ്യാറ്റിൻകരയിൽ തുടക്കമായി.നെയ്യാറ്റിൻകര ഗവൺമെന്റ് ബോയിസ് സ്ക്കൂളിൽ രാവിലെ ഒൻപതിന് മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്,ജെ.മേഴ്‌സിക്കുട്ടി അമ്മ എന്നിവ‌ർ ചേ‌ർന്ന് ഉദ്ഘാടനം നിർവഹിച്ചു.

അദാലത്തിൽ നൽകുന്ന പട്ടയങ്ങൾ, കൈവശാവകാശ രേഖകൾ,റേഷൻ കാർഡുകൾ എന്നിവയുടെ വിതരണോദ്ഘാടനം മന്ത്രിമാർ നിർവഹിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഉദ്ഘാടനചടങ്ങും തുടർന്നുള്ള അദാലത്തും. ഇടയ്ക്കിടെ മന്ത്രിമാരുടെ അടുത്തേക്ക് ആളുകൾ കൂട്ടം കൂടിയെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് തിരക്ക് ഒഴിവാക്കി. രാവിലെ 12.30 വരെ കാട്ടാക്കട താലൂക്കിന്റെയും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 5.30 വരെ നെയ്യാറ്റിൻകര താലൂക്കിലെ പരാതികളും പരിശോധിച്ചു തീർപ്പാക്കി. കാട്ടാക്കട താലൂക്കിൽ 966 പരാതികളും നെയ്യാറ്റിൻകരയിൽ 1,455 പരാതികളുമാണ് അക്ഷയ സെന്റർ മുഖേനയും സി.എം.ഒ പോർട്ടൽ മുഖേനയും ലഭിച്ചിത്. 25000 രൂപവരെയുള്ള ധനസഹായം ഉടനടി മന്ത്രിമാർ അനുവദിച്ചു. മറ്റുള്ള അപേക്ഷകളെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയതായും മൈക്കിലൂടെ യഥാസമയം അറിച്ചുകൊണ്ടിരുന്നു. മുഖ്യ കവാടത്തോടു ചേർന്നുള്ള ഹെൽപ്പ് ഡെസ്‌കിൽനിന്ന് പരാതിക്കാരെ അതതു വകുപ്പുകളുടെ സ്റ്റാളുകളിലേക്കാണ് ആദ്യം അയച്ചത്. അവിടെനിന്നു പരാതികളിന്മേലെടുത്ത തീരുമാനം കൈമാറി. മന്ത്രിതലത്തിൽ തീർപ്പാക്കേണ്ടവയിൽ പ്രത്യേക ടോക്കൺ നൽകി മന്ത്രിമാർ പരാതി കേൾക്കുന്ന ഹാളിലേക്ക് അയച്ചു.

ജനങ്ങളുടെ കൈയിലും സർക്കാരിലും പണമില്ല : മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം : കൊവിഡ് കാലത്ത് പ്രയാസത്തിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്.ജോലിയില്ല വരുമാനവുമില്ല. അതുപോലെയാണ് സ‌ർക്കാരിന്റെയും അവസ്ഥ.സർക്കാരിനും കാശില്ല.സർക്കാരിന്റെ കൈയ്യിൽ ഉള്ളത് കൊണ്ട് സഹായം നൽകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.പരാതി പരിഹാരത്തിനും ധനസഹായത്തിനുമുള്ള അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നതിനുമായുള്ള സാന്ത്വന സ്‌പർശം അദാലത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സാന്ത്വന സ്പർശം അദാലത്ത് വഴിയും അർഹരായ കഴിയാവുന്നത്രയും പേർക്കു പട്ടയം നൽകാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ, ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ, ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണർ വിനയ് ഗോയൽ, ഡെപ്യൂട്ടി കളക്ടർ ജി.കെ.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.