customs

തിരുവനന്തപുരം: അസാധാരണ നീക്കത്തിലൂടെ, നയതന്ത്ര പരിരക്ഷയുള്ള യു.എ.ഇ കോൺസുൽ ജനറൽ ജമാൽ അൽ സാബിയുടെ മൊബൈൽ ഫോണും രണ്ട് പെൻഡ്രൈവുകളും കസ്റ്റംസ് പിടിച്ചെടുത്തു. അൽ സാബിയുടെ തിരുവനന്തപുരത്തെ ഫ്ലാറ്റിലുണ്ടായിരുന്ന സ്വകാര്യ വസ്തുക്കളടങ്ങിയ ബാഗ് നയതന്ത്ര ചാനലിലൂടെ, ദുബായിലേക്ക് അയയ്ക്കാൻ തിരുവനന്തപുരം എയർ കാർഗോ കോപ്ലക്സിലെത്തിച്ചപ്പോൾ കസ്റ്റംസ് തുറന്ന് പരിശോധിക്കുകയായിരുന്നു.സ്വർണം, ഡോളർ കടത്ത് കേസിലെ സുപ്രധാന രേഖകൾ കടത്തുന്നെന്ന വിവരത്തെ തുടർന്ന് കോൺസുൽ ജനറലിന്റെ ബാഗ് തുറക്കാൻ കസ്റ്റംസ് നേരത്തേ കേന്ദ്രത്തിന്റെ അനുമതി നേടിയിരുന്നു. എന്നാൽ ബാഗ് പരിശോധിക്കാൻ മാത്രമാണ് അനുമതിയെന്നും ഫോണും പെൻഡ്രൈവുകളും പിടിച്ചെടുക്കാനാവില്ലെന്നും കോൺസുലേറ്റ് ഉദ്യോഗസ്ഥർ വാദിച്ചു. ഏറെ നേരത്തേ തർക്കത്തിനൊടുവിലാണ് കസ്റ്റംസ് അവ പിടിച്ചെടുത്തത്. തുടർന്ന് ബാഗ് ദുബായിലേക്ക് അയയ്ക്കാൻ അനുവദിച്ചു. സ്വർണക്കടത്ത് പിടികൂടുന്നതിന് മുൻപ്, ദുബായിലേക്ക് പോയ കോൺസുൽ ജനറൽ പിന്നീട് മടങ്ങി വന്നിട്ടില്ല.അതേസമയം തന്റെ സാധനങ്ങൾ യു.എ.ഇയിലെത്തിക്കാൻ അനുവദിക്കണമെന്ന് ജമാൽ അൽ സാബി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് ബാഗ് പരിശോധിച്ചത്.

പിടിച്ചെടുത്ത ഫോണും പെൻഡ്രൈവുകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. സ്വർണം, ഡോളർ കടത്തിൽ കോൺസുൽ ജനറലിനടക്കം പങ്കുണ്ടെന്ന് നേരത്തേ കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ നയതന്ത്ര പരിരക്ഷയുള്ളതിനാൽ അദ്ദേഹത്തിനെതിരെ കേസെടുക്കാനാവില്ല.

അറ്റാഷെയുടെ ഫ്ലാറ്റും പരിശോധിച്ചിരുന്നു

കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസ് അലി മുസൈയ്ഖരി അൽ-ഷമീലി താമസിച്ചിരുന്ന പാറ്റൂരിലെ ഫ്ലാറ്റിൽ നേരത്തേ എൻ.ഐ.എയും കസ്റ്റംസും പരിശോധന നടത്തിയിരുന്നു. അറ്റാഷെയടക്കം കോൺസുലേറ്റിലെ നാല് ഉദ്യോഗസ്ഥർ ഇവിടെയാണ് താമസിച്ചിരുന്നത്. സന്ദർശക രജിസ്റ്റർ പിടിച്ചെടുക്കുകയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. സ്വർണക്കടത്ത് പിടികൂടിയതിന് പിന്നാലെ അറ്റാഷെ രാജ്യം വിട്ടിരുന്നു.