kanam-rajendran

തിരുവനന്തപുരം: വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തള്ളിപ്പറയാനാവില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയും , സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും.

എം.വി. ഗോവിന്ദന്റെ പ്രസംഗത്തിലെ ഒരു വാചകമെടുത്ത് തെറ്റിദ്ധരിപ്പിച്ച് വിവാദം സൃഷ്ടിക്കുകയാണെന്ന് എസ്.ആർ.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. വൈരുദ്ധ്യാത്മക ഭൗതികവാദം കമ്മ്യൂണിസ്റ്റുകാരുടെ പ്രപഞ്ച വീക്ഷണമാണ്. മനുഷ്യ സമൂഹത്തിന്റെയും, ശാസ്ത്രത്തിന്റെയും യുക്തിയുടെയും അനുഭവങ്ങളെയാകെ വിലയിരുത്തിയുള്ളതാണ് ഭൗതികവാദം. അതൊരു തത്വശാസ്ത്രമാണ്. മനുഷ്യന്റെ വിശ്വാസത്തെ ബഹുമാനിക്കുന്ന പാർട്ടിയാണ് സി.പി.എം. വൈരുദ്ധ്യാത്മക നിലപാടിലേക്ക് ജനങ്ങളെ ആശയപരമായ സംവാദത്തിലൂടെ ഉയർത്തിക്കൊണ്ടു വരണം..അല്ലാതെ ഉത്തരവ് കൊടുത്ത് നടപ്പാക്കലല്ലെന്ന് പറയാനാണ് എം.വി. ഗോവിന്ദൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമെന്ന് പറഞ്ഞാൽ, മാർക്സിസം അപ്രസക്തമായെന്നാണ് അർത്ഥമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. എം.വി. ഗോവിന്ദൻ പറഞ്ഞത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു പോലെയാണോ എന്നറിയില്ല. വൈരുദ്ധ്യാത്മക ഭൗതികവാദവും, ചരിത്രപരമായ ഭൗതികവാദവും സമൂഹത്തെ നിരീക്ഷിക്കുന്ന രീതിശാസ്ത്രമാണ്. സാമൂഹ്യപ്രശ്നങ്ങളെ അപഗ്രഥിക്കാൻ കമ്മ്യൂണിസ്റ്റുകാർ സ്വീകരിക്കുന്ന രീതിയാണിത്. മാർക്സിസത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളാണിവ. ഭൗതികവാദത്തെ വിശ്വാസമില്ലായ്മയെന്ന് തെറ്റിദ്ധരിച്ച ചില യാന്ത്രിക ഭൗതികവാദികളാണ് ഇത്തരം വിവാദങ്ങളുണ്ടാക്കുന്നതെന്നും കാനം പറഞ്ഞു.