
തിരുവനന്തപുരം: റേഷൻ കടകൾ വഴി പോഷക ഗുണമുള്ള അരി ലഭ്യമാക്കാൻ തയ്യാറാക്കിയ ഫോർട്ടിഫൈഡ് അരിയുടെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ഇരുമ്പിന്റെ അംശം അരിയിൽ കൂടുതലാണെന്ന് കണ്ടെത്തിയാൽ അത് വിതരണം ചെയ്യരുതെന്നും മന്ത്രി നിർദേശിച്ചു. ഫോർട്ടിഫൈഡ് അരിയിൽ ഇരുമ്പിന്റെ അംശം കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും ഇത് ദോഷമാണെന്നും 'കേരളകൗമുദി' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് മന്ത്രിയുടെ ഇടപടൽ. അരിയിൽ ഇരുമ്പിന്റെ അംശം കൂടിയ സാഹചര്യം അന്വേഷിക്കണമെന്നും മന്ത്രി വകുപ്പ് സെക്രട്ടറി പി. വേണുഗോപാലിനോട് ആവശ്യപ്പെട്ടു.ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ കുറവ് പരിഹരിക്കുന്നതിനുള്ള കേന്ദ്ര പദ്ധതി പ്രകാരമാണ് ഫോർട്ടിഫിക്കേഷൻ ആരംഭിച്ചത്. അതേസമയം ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിട്ടിയുടെ അക്രഡിറ്റേഷനുള്ള ലാബിലല്ല അരിയുടെ സാമ്പിൾ പരിശോധിച്ചതെന്നാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറയുന്നത്.കൂടുതൽ പരിശോധനയ്ക്കായി അംഗീകാരമുള്ള ലാബിൽ സാമ്പിൾ അയച്ചിരിക്കുകയാണെന്നും നാളെ ഫലം വരുമ്പോഴേ ഇക്കാര്യം വ്യക്തമാകൂയെന്നും ഉദ്യോഗസ്ഥർ പറയുന്നു.