chennithala

തിരുവനന്തപുരം: 28ന് വിരമിക്കുന്ന ചീഫ്സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യവിവരാവകാശ കമ്മിഷണറാക്കാനുള്ള നടപടി കുരുക്കിലായി. നിയമനത്തിനായി മുഖ്യമന്ത്റി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്റി എ.കെ. ബാലൻ എന്നിവരടങ്ങിയ തിരഞ്ഞെടുപ്പ് സമിതി ഓൺലൈനിൽ യോഗം ചേർന്നിരുന്നു.

മേത്തയുടെ നിയമനത്തിൽ വിയോജിപ്പറിയിച്ച് ചെന്നിത്തല മുഖ്യമന്ത്രിക്കും ഗവർണർക്കും കത്ത് നൽകിയിരുന്നു. എന്നാൽ വിയോജിപ്പ് രേഖപ്പെടുത്താതെയുള്ള മിനിട്ട്സിൽ ഒപ്പിടാൻ ചെന്നിത്തല തയ്യാറായില്ല. എന്നാൽ ഐകകണ്‌ഠേന തിരഞ്ഞെടുപ്പ് നടത്തിയതെന്നാണ് മിനിട്ട്സിലുള്ളത്.

യോഗം ശരിയായരീതിയിൽ നടന്നില്ലെന്നും നെറ്റ് വർക്കിലെ സാങ്കേതികതടസം കാരണം തന്റെ അഭിപ്രായം അറിയിക്കാനായില്ലെന്നുമാണ് ചെന്നിത്തലയുടെ നിലപാട്. യോഗത്തിന്റെ മിനിട്സിൽ വിയോജനക്കുറിപ്പ് ശരിയായ രീതിയിൽ രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സമിതിയിലെ മൂന്നുപേരിൽ ഒരാൾ വിയോജിച്ചാലും വിശ്വാസ് മേത്തയെ നിയമിക്കാനാവും. എന്നാൽ ശരിയായ രീതിയിലല്ല യോഗം ചേർന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയാൽ ഗവർണർ ശുപാർശ മടക്കാനും വിശദീകരണം തേടാനും ഇടയുണ്ട്.

വിശ്വാസ് മേത്തയെ നിയമിക്കുന്നതിനെതിരെ ചില പരാതികളും ഗവർണർക്കു മുന്നിലുണ്ട്. പ്രതിപക്ഷ നേതാവ് ഒപ്പിടാതെയുള്ള ഫയൽ ഗവർണർക്ക് അയച്ചാലും വിശദീകരണം തേടാം. ആവശ്യമെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നു ഗവർണർക്ക് ആവശ്യപ്പെടാം. അതിനിടയിൽ നിയമസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ യോഗം ചേരുന്നതും തീരുമാനമെടുക്കുന്നതും വൈകും.