
തിരുവനന്തപുരം : ജന്മനാ മുട്ടിന്മേൽ ഇഴഞ്ഞ് സഞ്ചരിച്ചിരുന്ന വത്സലയ്ക്ക് ഇനി ഇലക്ട്രിക് വീൽ ചെയറിൽ സഞ്ചരിക്കാം. സാന്ത്വന സ്പർശം' അദാലത്തിൽ അപേക്ഷയുമായി വന്ന വത്സലയ്ക്ക് മന്ത്രി തോമസ് ഐസക്കാണ് വീൽചെയർ നൽകാൻ നടപടി സ്വീകരിച്ചത്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 25,000 രൂപ ചികിത്സാസഹായവും അനുവദിച്ചു. പെരുങ്കടവിള പഞ്ചായത്തിലെ ആങ്കോട് സ്വദേശിനിയായ വത്സല വിധവയാണ്. വർഷങ്ങളായി ഒറ്റയ്ക്കാണ് താമസം. മക്കളോ സഹോദരങ്ങളോ ഇല്ല. വൃക്കരോഗിയുമാണ്. സർക്കാരിൽ നിന്നും ലഭിക്കുന്ന വിധവാ പെൻഷനാണ് ഏക ആശ്രയം. വീൽ ചെയറിനായി പലതവണ അധികൃതരെ സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. സമീപവാസി പറഞ്ഞതനുസരിച്ചാണ് അദാലത്തിലേക്ക് അപേക്ഷിച്ചത്. അദാലത്ത് നടക്കുന്ന സ്റ്റേജിനടുത്ത് എത്തിയ വത്സലയുടെ സമീപത്ത് എത്തിയാണ് മന്ത്രി തോമസ് ഐസക് പരാതി കേട്ടത്. വികലാംഗ ക്ഷേമ കോർപറേഷൻ മുഖേന ഇലക്ട്രിക് വീൽചെയർ ലഭ്യമാക്കാനാണ് മന്ത്രി നിർദേശം നൽകിയത്.