
തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവിനായി സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്.ഡി പ്രവേശനത്തിന് പട്ടികജാതി സംവരണം അട്ടിമറിച്ചെന്ന് ആക്ഷേപം. 2019-20ൽ സംവരണ ചട്ടങ്ങൾ പാലിക്കാതെയാണ് പ്രവേശനമെന്ന് സർവകലാശാല എസ് സി -എസ് ടി സെൽ അന്വേഷണത്തിൽ കണ്ടെത്തി.
മലയാള വിഭാഗത്തിൽ 10 സീറ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എന്നാൽ, 2019 ഡിസംബർ പതിനാറിന് മലയാള വിഭാഗത്തിൽ ചേർന്ന റിസർച്ച് കമ്മിറ്റിയിൽ അഞ്ച് പേരെക്കൂടി ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചു. ആകെ 15 പേർ ലിസ്റ്റിൽ ഇടം പിടിച്ചു. സംവരണ
മാനദണ്ഡമനുസരിച്ച് 15 പേരിൽ 3 പേർ പട്ടിക വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. ഈ വ്യവസ്ഥ മറികടന്ന് എസ്.എഫ്.ഐ നേതാവിന് പ്രവേശനം നൽകിയെന്നാണ് ആക്ഷേപം.
ദളിത് വിദ്യാർത്ഥി സംഘടനയുടെ പരാതിയിൽ എസ്എസി- എസ്ടി സെൽ അന്വേഷണം നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. അതേസമയം, ക്രമക്കേടില്ലെന്നും ഹൈക്കോടതി ഉത്തരവുമായി വന്ന വിദ്യാർത്ഥിക്ക പ്രവേശനം നൽകുകയായിരുന്നുവെന്നും സർവകലാശാല വിശദീകരിക്കുന്നു. തനിക്കെതിരായ പരാതി അടിസ്ഥാന രഹിതമാണെന്ന് എസ്എഫ്ഐ നേതാവും പറഞ്ഞു.