തൃശൂർ: തമിഴ്‌നാട്ടിൽ നിന്നും മാറ്റ് കുറഞ്ഞ കട്ടി കൂടിയ സ്വർണാഭരണങ്ങൾ പ്രത്യേകമായി നിർമ്മിച്ചെടുത്ത് ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് പണം തട്ടിയെടുക്കുന്നത് പതിവാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി പുത്തൻവീട്ടിൽ ഇല്ല്യാസിനെയാണ് (37) ടൗൺ ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ പി. ലാൽ കുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ പ്രീത്, ഷാരോൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.ഇത്തരത്തിലുള്ള സ്വർണം സാധാരണ പോലെ ഉരച്ചു നോക്കിയാൽ വ്യാജമാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. കാരറ്റ് അനലൈസർ പോലുള്ള സംവിധാനങ്ങളിലൂടെ മാത്രമെ ഇത്തരം ആഭരണങ്ങളുടെ യഥാർത്ഥ മാറ്റ് നിർണയിക്കാനാകൂ.മിക്ക ധനകാര്യ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള സംവിധാനങ്ങൾ നിലവിലില്ല എന്നതാണ് പ്രതിക്ക് സുഗമമായി തട്ടിപ്പ് നടത്താൻ അവസരം ഒരുക്കിയത്. കേരളത്തിലുടനീളം വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്തോളം കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ട്. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഡിസംബർ മാസത്തിൽ മാത്രം ഇത്തരത്തിലുള്ള മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.