
കോവളം: വിഴിഞ്ഞം വിജയാ ബാങ്കിന് സമീപത്തെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ ലക്ഷം രൂപ കവർന്നു. വിഴിഞ്ഞം വാറുവിളാകത്ത് എം. ഹസനാർ ഹാജിയുടെ വീട്ടിൽ ഇന്നലെയാണ് സംഭവം. വീടിന്റെ പിറകുവശത്തെ മുറിയുടെ ജനാലക്കമ്പി വളച്ച് അകത്തുകയറിയാണ് പണം കവർന്നത്. വീട്ടിൽ ആൾക്കാർ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മോഷണമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. പണം കവർന്ന ശേഷം അലമാരയിലുണ്ടായിരുന്ന പേപ്പറുകളും രേഖകളും മോഷ്ടാക്കൾ വീടിന് പുറത്ത് കൊണ്ടിട്ടിരുന്നു. പുലർച്ചെ 5.30ഓടെ പള്ളിയിൽ പോയി മടങ്ങിയെത്തിയപ്പോൾ വസ്ത്രങ്ങളും മറ്റും വാരിയിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തി. തുടർന്നുള്ള പരിശോധനയിലാണ് പണം നഷ്ടമായെന്ന് അറിഞ്ഞത്. വിഴിഞ്ഞത്തെ പോസ്‌റ്റോഫീസിലും മോഷണശ്രമമുണ്ടായി. കെട്ടിടത്തിന്റെ പിറകുവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. ട്രഷറി റൂമിന്റെ പൂട്ട് പൊളിച്ച ശേഷം തപാൽ ഉരുപ്പടികൾ സൂക്ഷിക്കുന്ന ലോക്കറുകളിലൊന്നിന്റെ പൂട്ടും മോഷ്ടാവ് അറുത്ത് മാറ്റി. പണവും സ്റ്റാമ്പുകളും സൂക്ഷിച്ചിരുന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച മറ്റൊരു ലോക്കർ പൊളിക്കാൻ മോഷ്ടാവിന് കഴിഞ്ഞില്ല. ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോസ്റ്റ്മാസ്റ്റർ അറിയിച്ചതായി പൊലീസ് പറഞ്ഞു.