തിരുവനന്തപുരം : സാന്ത്വന സ്പർശം അദാലത്തിന്റെ ആദ്യ ദിനത്തിൽ ജില്ലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു നൽകിയത് 1,30,23,000 രൂപയുടെ സഹായം. കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളുടെ പരാതികൾ പരിഹരിക്കാൻ നടന്ന അദാലത്തിൽ ലഭിച്ച 2,421 അപേക്ഷകളിൽ 1,188 എണ്ണത്തിൽ തീർപ്പുണ്ടാക്കി. ശേഷിക്കുന്നവയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള സഹായം അഭ്യർത്ഥിച്ച് 1046 പരാതികളാണ് ലഭിച്ചത്. കാട്ടാക്കട താലൂക്കിൽ ലഭിച്ച 268 പരാതികളിൽ മന്ത്രിമാരുടെ പരിശോധനയ്ക്കു ശേഷം 40,4,000 രൂപയുടെ ധനസഹായം കൈമാറി. നെയ്യാറ്റിൻകര താലൂക്കിൽ ലഭിച്ച 778 അപേക്ഷകളിലായി 90,19,000 രൂപയുടെ ധനസഹായവും നൽകി. അന്ത്യോദയ അന്നയോജന, മുൻഗണനാവിഭാഗം എന്നീ ഇനങ്ങളിൽപ്പെട്ട 108 റേഷൻ കാർഡുകൾ അദാലത്തിൽ വിതരണം ചെയ്തു.