vijayan

ആലുവ: വൃക്കകൾ തകരാറിലായ ഓട്ടോറിക്ഷ ഡ്രൈവർ ചികിത്സ സഹായം തേടുന്നു. കടുങ്ങല്ലൂർ എരമം തോപ്പിലക്കാട് വീട്ടിൽ വിജയനാണ്(51) സഹായം തേടുന്നത്. നാട്ടിൽ അറിയപ്പെടുന്ന ഒരു പൊതുപ്രവർത്തകനും കർഷക തൊഴിലാളി കുടുംബാംഗവുമായ വിജയൻ ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തിവന്നിരുന്നത്. 2019 ഡിസംബറിലാണ് വിജയൻ രോഗബാധിതനായത്.

അതിനിടെ വലതു കാൽ മുട്ടിനു മുകളിൽ വെച്ചു മുറിച്ചു മാറ്റേണ്ടിവന്നു. വൃക്കകൾ ഫലപ്രദമായി പ്രവർത്തിക്കാത്തതിനാൽ ഡയാലസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. തൊഴിൽ രഹിതയായ ഭാര്യയും വിദ്യാർത്ഥികളായ രണ്ട് ആൺകുട്ടികളും മാത്രമാണ് തുണ. നാട്ടുകാരുടെ സഹായത്താലാണ് കഴിഞ്ഞ ഒരു വർഷക്കാലം ചികിത്സ നടത്തിയത്. നാട്ടുകാർ എച്ച്.സി.വിജയൻ ചികിത്സ സഹായ സംഘം രൂപീകരിച്ചിട്ടുണ്ട്. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ. അബൂബക്കർ എന്നിവർ രക്ഷാധികാരികളും വാർഡ് അംഗം ടി.ബി. ജമാൽ ചെയർമാനും ടി.എ. ഷജീർ കൺവീനറുമാണ്. ടി.കെ. ചന്ദ്രനാണ് ട്രഷറർ. ഫെഡറൽ ബാങ്ക് മുപ്പത്തടം ബ്രാഞ്ചിൽ 'എച്ച്.സി.വിജയൻ ചികിത്സ സഹായ സംഘം' എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ:18410200004100, ഐ.എഫ്.എസ്.ഇ: FCRL0001841.